Wednesday 21 November 2012

തനി നാടന്‍ പ്രണയം


 
കാക്കപ്പൂവിനു കണ്ണെഴുതും
കുഞ്ഞിക്കുറുമ്പന്‍ കാറ്റേ
നീ വരും വഴി കാതില്‍ പതിഞ്ഞോ
നെഞ്ചകം നീറുന്ന പായാരം.
ഇണയാളെ തെരയുമോരൊറ്റയാന്‍  കുയിലിന്റെ
കണ്ണീരില്‍ മുങ്ങിയ നോവ്‌ പാട്ട്
                 (കാക്കപ്പൂവിനു കണ്ണെഴുതും

ചെമ്മാനച്ചോപ്പില്‍ മുഖം മിനുക്കി,യന്തി
എങ്ങോ പോയി മറഞ്ഞ നേരം
എണ്ണക്കറു പ്പുള്ളോരെന്നഴകന്‍ എന്റെ
കണ്മുന്നില്‍ വന്നില്ലിതുവരെയ്ക്കും
പുഞ്ചവയല്ക്കരെ കാവല്‍ മാടപ്പുരേല്‍
കന്നിമ ചിമ്മാണ്ടെ  കാവലാവും
കന്നിലിരുട്ടെഴയുന്നത് മായ്ക്കുവാന്‍
എന്നെ നെനവിലെടുക്കയാവും
                (കാക്കപ്പൂവിനു കണ്ണെഴുതും

കൂട്ടാളിയില്ലാണ്ടിരിക്കുംപോ ചാരത്ത്‌
കൈതപ്പൂം ചെപ്പു തുറന്നുവെന്നോ
ഈറനെഴഞ്ഞു  തിണിര്‍ത്ത മനസ്സകം
നോവൂറും പാട്ട്  മുളച്ചുവെന്നോ
പാട്ടിന്റെയൊപ്പമിരുട്ടു കുടിക്കുമ്പോ
ഞാനറിയുന്നോരീ  ച ങ്കുലച്ചില്‍
കാതിലൂടുള്ളത്തില്‍ ഇഷ്ടമുറപ്പിക്കും
തേന്‍ കിനിയും പൂമൊഴിത്തരിപ്പ്
                    (   (കാക്കപ്പൂവിനു കണ്ണെഴുതും




ഒരു പ്രണയ ഗാനം



വരിയിട്ടു  വിരിയുന്നു പവിഴമല്ലി
നുരയിട്ട്‌ ചിതറുന്നു ഹൃദയ  രാഗം
തളിര്‍മൂടും ചില്ലയില്‍
കുളിര്‍ തേടും പക്ഷിക്ക്
പകല്‍വെളിച്ചത്തില്‍ നിലാക്കുളിര്
                             (വരിയിട്ടു  വിരിയുന്നു

ചന്ദനപ്പാലില്‍  കുളി കഴിഞ്ഞെത്തുന്ന
തെന്നലിന്‍ നാവിലും നിന്‍ മൊഴികള്‍
ദുഃഖത്തുലാഭാര രാവഴിഞ്ഞു ,യിനി
ആഹ്ലാദ മേഘ ലീലാവിരുന്ന്‍
                                (വരിയിട്ടു  വിരിയുന്നു

ശിശിര മുള്‍മുന തന്ന മുറിവുകള്‍ മായുവാന്‍
തഴുകും   നിന്‍ വിരലിനും ഇളം തണുപ്പ്
മഴവില്‍ നിറമുള്ള സ്വപ്നങ്ങള്‍ക്കൊക്കെയും
ശലഭച്ചിറക്  മുളയ്ക്കുന്നു.
  (വരിയിട്ടു  വിരിയുന്നു
                             

Tuesday 13 November 2012

കഥ പറയും മുത്തച്ഛനിലെ മൂന്നാം ഗാനം



പാട്ടുകൊണ്ടാകാശം മിന്നിക്കും പക്ഷിപോല്‍
പാടിത്തിമിര്‍ക്കാം ഇളവെയിലില്‍
പാടത്ത്  നെല്‍ക്കതിര്‍ താളം പിടിക്കുന്നു
തുള്ളാട്ടം തുള്ള് ചുവടുവയ്ക്ക്
മുന്നേ നടന്നോര്‍  ചൊരിഞ്ഞിട്ട താളത്തില്‍
ഹൃദയം കുളിര്‍ന്നുലഞ്ഞീടുവാനായ്
                    (പാട്ടുകൊണ്ടാകാശം

സ്നേഹത്തില്‍ മിന്നുന്ന  നല്‍ വാക്കുതെളിയുന്ന
ഭാഷ നമുക്ക് സ്വന്തം
വെടി മരുന്നൊച്ചയും  നിലവിളിയും വീണു
മലിനമാകാത്ത ഭാഷ.
പച്ചപ്പ്‌ തൊട്ടും പുഴത്തണുപ്പിറ്റിച്ചും
പാടാം നമുക്കിന്നു പാടാം.
                    (പാട്ടുകൊണ്ടാകാശം

മൌനവും മഞ്ഞും  തുരന്ന് തുരന്നതില്‍
എന്നും മയങ്ങല്ലേ കൂട്ടുകാരെ.
നമ്മള്‍ നമുക്കായ് പാടുമീ പാട്ട്
ചെറു ചൂടുണര്‍ത്തുന്ന പാട്ട്
കണ്ണില്‍ ഭയത്തിന്റെ മുള്ള് തറഞ്ഞോര്‍ക്ക്
സാന്ത്വന ശീതള  സ്പര്‍ശമാവാന്‍
വര്‍ണ്ണക്കിനാക്കള്‍ക്ക് ചിറകു മുളയ്ക്കുവാന്‍
അലിവിന്റെ പാട്ട് നമുക്ക് പാടാം
                    ( പാട്ടുകൊണ്ടാകാശം

Monday 12 November 2012

കഥ പറയും മുത്തച്ഛനിലെ രണ്ടാം ഗാനം

പുഴയും  ഓര്‍മ്മ വിതുമ്പീ
മനസ്സില്‍ നോവിന്‍ തിരയിളകീ.
കണ്‍മറന്ന കിനാ നൂലിഴയില്‍
വര്‍ണ്ണനാളിന്‍ സ്മൃതി ശകലം
               (പുഴയും  ഓര്‍മ്മ വിതുമ്പീ

ആറ്റുവഞ്ഞി പിന്‍ നടന്ന
പൂവസന്തം ഓര്‍ക്കയോ
നേര്‍ത്ത കാറ്റിന്‍ മൃദുല നാദം
മിഴിപൂട്ടി ഉള്ളിലെടുക്കയോ
ഏതു സാന്ത്വന മന്ത്രണം എന്‍
നീറും ഉള്ളുകുളിര്ന്നിടാന്‍
                  (പുഴയും  ഓര്‍മ്മ വിതുമ്പീ

തിരയൊഴുക്കിയനൂപുര ധ്വനി
തീരമണലിനു സ്മൃതി സുഖം.
പാല്‍നുരക്കുളിര്‍ വീണ്ടുമെത്താന്‍
തപസ്സു തുടരുകയാവുമോ
മൌന രാവിന്‍ നാദമായ് നിന്‍
കൊലുസ്സിന്‍ ഈണം വഴിയുമോ

Sunday 11 November 2012

കഥ പറയും മുത്തച്ഛനില്‍ നിന്നുള്ള ഒരു ഗാനം

കഥ പറയും മുത്തച്ഛന്‍
കരലളിവിന്‍ ആള്‍ രൂപം
അറിവൊഴുകും  വാക്കാലുള്ളില്‍
മഴവില്ല് നിവര്‍ത്തുന്നോന്‍..
കഥ പറയും മുത്തച്ഛന്‍ 
സ്നേഹത്തെയുണര്‍ത്തുന്നോന്‍..
ചോരച്ചുവ പെരുകും നാവില്‍
തേന്‍ മധുരം തൂവുന്നോന്‍
                   (കഥ പറയും മുത്തച്ഛന്‍

അക്കരെയക്കരെയേഴാം കടലിനുമക്കരെയല്ലെടി സ്വര്‍ഗ്ഗം.
( പിന്നെവിടാടാ കൂട്ടേ ?)
മണം ചുഴറ്റീം നിറം തിളക്കീം കുളിര്‍ വിതച്ചും ചിരിച്ചു കാട്ടീം
നമുക്ക് ചുറ്റും നിറഞ്ഞു നില്‍പ്പൂ സ്വര്‍ഗ്ഗം.
കാഴ്ച്ചക്കണ്ണിനു മിഴിവേകുന്നെട മുത്തച്ഛന്‍
കഥ പറയും മുത്തച്ഛന്‍
                 (കഥ പറയും മുത്തച്ഛന്‍

കാറ്റിനു കടലിനു മഴയ്ക്ക്‌ മഞ്ഞിന് പറയാനുള്ളൊരു  കഥകള്‍
(ങാ , പറയ്‌, കഥകള്‍ )
എന്നില്‍ നിന്നില്‍ പുല്ലില്‍ പൂവില്‍ ഇഴയും തുഴയും പറന്നു പാറും
ജീവിഗണങ്ങളിതെല്ലാം ഒരേ ഗണം .
തിരിച്ചറിവിന് തെളിച്ചമേകും മുത്തച്ഛന്‍
കഥ പറയും മുത്തച്ഛന്‍
 (കഥ പറയും മുത്തച്ഛന്‍




Monday 29 October 2012

ഒരു ഭക്തി ഗാനം..


ഒരു ഭക്തി ഗാനം..

ധിക്കാരികളുടെ ഭവനങ്ങള്‍
നിറഞ്ഞു ഭൂതലമാകെ .
ദുര്‍മാര്‍ഗ്ഗികളും ദുഷ്ടന്മാരും
ആക്രോശിക്കുന്നിവിടെ.
ഭൂകമ്പങ്ങള്‍ , പ്രളയം വന്നീ
ഭൂമിയെ മൂടും മുമ്പ്
മര്‍ത്യകുലത്തിനു  നാള്‍വഴി കാട്ടാന്‍
കര്‍ത്താവേ നീ കനിയൂ.
                           (ധിക്കാരികളുടെ ഭവനങ്ങള്‍

മനസ്സുകള്‍ തോറും കാരുണ്യത്തിന്‍
വിത്തുകള്‍ പാകേണം .
സഹജീവികളെ കരുതും മാനവ
ധര്‍മ്മം പുലരേണം.
ചുണ്ടുകള്‍ തോറും പുഞ്ചിരി നിവരാന്‍
സാക്ഷ്യം കാട്ടേണം
ഞാനെന്നുള്ളൊരു ഭാവം മായ്ക്കും
 ജ്ഞാനമതോതേണം
                         (ധിക്കാരികളുടെ ഭവനങ്ങള്‍

മൃതിയുടെ കണ്‍ വേട്ടത്താണെന്നും
വാഴ് വെന്നറിയാതെ
എനിക്കുമാത്രം സര്‍വ്വതുമെന്നീ
മൂഡര്‍ മന്ത്രിപ്പൂ,
ക്രൂരത വീഴ്ത്തി രസിക്കെ മരണം
തുടര്‍ന്ന് ന്യായവിധി
സത്യമിതറിയാന്‍ മര്‍ത്യ കുലത്തിന്
കര്‍ത്താവേ നീ ശരണം





Friday 19 October 2012

ഇല്ല, ഞാനില്ലിപ്പോള്‍





ഇരപിടിയന്‍ നിദ്ര അരികിലിരികുന്നു
മുനനഖത്തുമ്പില്‍ കൊരുത്തെടുക്കാന്‍..
നിത്യ മൌനത്തിന്റെ മുഖപടം ചൂടിച്ച് 
ഇരുളാഴക്കുഴിയിലെന്‍ സ്വരമമര്‍ത്താന്‍ .
ക്ഷണിക പ്രഭാവര്‍ണ്ണനിമിഷങ്ങളേ ,യില്ല 
കൊതി മാറിയില്ല ഞാന്‍ തൃപ്തനല്ല .

വൈകിയുദിച്ച  നിലാവെന്റെ മേനിയില്‍ 
ചന്ദനഗന്ധത്തണുപ്പെറിഞ്ഞു 
കുങ്കുമം ചുമ്മി തളര്ന്നവനെങ്കിലും 
ഇന്നേറിഞ്ഞുള്ളൂ ഹൃദ്യഗന്ധം.
ഇനിയല്‍പ്പമാത്ര മണം നുകരട്ടെ ഞാന്‍ 
അതിനു ശേഷം മാത്രം നീണ്ടുറക്കം.

കാറ്റ്,വെയില്‍,മഴ,മഞ്ഞ്,ശൈത്യം 
സമനിയമത്തിന്റെ ദൃശ്യഭാഷ.
എന്നിട്ടുമെന്തേ ഗൂഡസ്ഥ ലികളില്‍
എന്നെ ഞാനെന്നും ഒളിച്ചുവച്ചൂ .
അതിരില്ലാസ്നേഹത്തിലെന്നെനിവര്‍ത്തനം
മതി,പിന്നെമതി ആ വിശുദ്ധയാത്ര.   

ഗസല്‍ - ഹര്‍ഷമഴ



ഹര്‍ഷമഴത്തൂവല്‍  പൊഴിയും
പുഷ്പോത്സവം .
മാഹേന്ദ്രജാലം തീര്‍ക്കും
പുതുകിരണകാന്തി.
സ്പടിക മഴവില്ലിലേറാം
സ്വരവീണ മീട്ടിയലയാം
മധുരാനുരാഗ ലാസ്യം
ഉടലാകെ നിവരും നേരം ...
                    (ഹര്‍ഷമഴത്തൂവല്‍

കണ്‍ വിടര്‍ന്ന പനിനീര്‍ പൂവിന്‍
കളഭ പ്രസാദം
നിന്‍നീലനീള്‍ക്കണ്ണിണയില്‍
ഇന്ദ്രനീലം ..
ചുണ്ടിന്‍ നനവില്‍ കോര്‍ക്കാന്‍ കൊതിയായ് പെണ്ണെ...
അനുപമ സുന്ദര വാസന്തം
ഈ കുളിര്‍ത്തണലത്തഭയം
                     (ഹര്‍ഷമഴത്തൂവല്‍

ഇതള്‍ നീര്ത്തും പ്രണയ സുഗന്ധം
ഒഴുകും നേരം
തുമ്പിച്ചിറകൊച്ചയതായ് നിന്‍
ഹൃദയ നാദം
കാതില്‍ ചേര്‍ക്കാനുള്ളിലെടുക്കാന്‍ മോഹം പെണ്ണെ
സുരഭില ലഹരി രുചിക്കും ഹൃത്തില്‍
പൊന്‍ കൈതപ്പൂ വിരിയാന്‍ 

Thursday 18 October 2012

നീ വരുമ്പോള്‍ മാത്രം

തുടലഴിഞ്ഞ ഭ്രാന്തന്‍ കാറ്റിന്റെ
രൌദ്ര നൃത്തം.
വിളക്കുമാടങ്ങളണച്ചുമുന്നേറും
ചടുല നൃത്തം.
കടപുഴകിയതാറ്റക്കിളിക്കൂടും
കിളിക്കനവും
ഇണയൊരാളിനു വിരഹനോവും
ദുരിതരാവും.

എരികനലില്‍ വീണുമായും
 വര്‍ഷ ബിന്ദുവായ്‌
ഉദിച്ചൊടുങ്ങീ  നമുക്കൊരുങ്ങിയ
സുഖനിമേഷങ്ങള്‍
കൊടിയ ദുഖത്തിരയിളകും
കടലിലൂടിനി
നയമ്പു പോയ തോണിയിലിനി
ഞാനലഞ്ഞിടും

നിന്‍റെ കണ്ണില്‍ തിളങ്ങും മുത്തില്‍
ഇതെന്‍റെ രൂപമോ
നിന്റെ ഹൃത്തില്‍ തിളയ്ക്കും ചിന്തയില്‍
ഞാനുദിക്കുമോ
മഴക്കതിരുകള്‍ വകഞ്ഞുമാറ്റി
നീ വരുമ്പോഴേ
തപിക്കും ചിന്തകള്‍ പൊലിഞ്ഞു ഞാനും
പൂര്‍ണ്ണനായിടൂ


Wednesday 17 October 2012

പ്രണയപ്പേച്ച്


പുരുഷന്‍ - കാണാദൂരത്തെ കല്യാണപ്പാലയില്‍
                        കന്നിപ്പൂവൊന്നു  കണ്‍ മിഴിച്ചോ .
                        ഉള്ളിലുടക്കീ മണം, നിന്റെയുള്ളിലും
                         പാലപ്പൂമൊട്ട് വിരിഞ്ഞുലഞ്ഞോ

        സ്ത്രീ -നീ തൊട്ടിരിക്കുമ്പോളെന്നുള്ളിലെപ്പോഴും
                      പൂമൊട്ടൊരായിരം  കണ്‍ മിഴിക്കും.
                      പൂമണം തൊട്ട് മനം കുളിരും നേരം,
                      ഞാനില്ലാതാവുമെന്‍ പൊന്നേ

പുരുഷന്‍ -ചപ്പും ചവറും അടിച്ചുവാരീം, നാറും
                      ചാണകം കോരി ചുമന്നു മാറ്റീം ,
                      രാവിലെതൊട്ടന്തിനേരം വരെ പണി
                      ചെയ്തിട്ടും പൂമണം നിന്‍റെ മെയ്യില്‍  

      സ്ത്രീ -  തേച്ചുമിനുക്കലും ചുത്തം വരുത്തലും
                      തേവരും ഞാനും ഒരേ പണിക്കാര്‍ .
                     ദൈവവും നമ്മളും ഒന്നാകും നേരത്ത്
                      നല്ല   മണമേ ചൊരിഞ്ഞിറങ്ങൂ

പുരുഷന്‍ - ഉച്ചിക്ക് സൂരിയന്‍ ചുട്ടിറങ്ങുമ്പോഴും
                       മുട്ടോളം ചേറ്റിലിഴയുമ്പോഴും
                       പാടുന്നതെന്തെന്റെ  പെണ്ണെ വിശപ്പുള്ളില്‍
                       മാന്തിപ്പൊളിച്ചു രസിക്കുമ്പോഴും

     സ്ത്രീ -  നൊമ്പരം വിങ്ങുന്ന നേരത്ത് നാവില്
                     സങ്കടപ്പാട്ടേ മുളച്ചു പോന്തൂ
                     പാട്ടിന്‍റെശീലില്‍ മനം തൊട്ടുഴിയുമ്പോ
                     ശാന്തതയുള്ളില്‍ ഉതിര്‍ന്നു വീഴും

                 




നാടന്‍ പ്രണയം

കുഞ്ഞിച്ചെറുതില് കുഞ്ഞിപ്പെണ്ണേ
അച്ഛനുമമ്മയുമായീ   നാം 
കുഞ്ഞിക്കവിളില്‍ നെറുകിലുമൊത്തിരി
ഉമ്മകള്‍ നല്‍കി രസിച്ചൂ നാം

ഈരിഴമുണ്ടില്‍ ഞണ്ടും പരലും
കോരിയെടുത്തത്‌ കറിവച്ചൂ.
ആറ്റുമണല്‍പ്പൂ തുമ്പപ്പൂ നറു-
ചോറായിലയില്‍ വിളമ്പീ നാം.

തീരെ ചെറുതിലുമിരുമെയ്യ്‌ നമ്മള്‍
ഒരു മനസ്സായിച്ചേര്‍ന്നല്ലോ.
അഴിയാ ബന്ധം മുറിയാ  ബന്ധം
പണ്ടേ ഒന്നായ് തീര്‍ന്നവര്‍ നാം.

പെരുതാം നാളില്‍ കരളില്‍ നീയൊരു
കതിരായ് പൊട്ടി നിവര്‍ന്നല്ലോ
നമ്മില്‍ കാണും നേരം വിരിയും
പുഞ്ചിരി നെഞ്ചിലുറഞ്ഞല്ലോ.

മണ്ണിലെ വിണ്ണിലെ വിലയേറുന്നവ
എല്ലാം ചേര്‍ന്നത്‌ നീയായി
മുജ്ജന്മത്തില്‍ നിന്നും ഇതുവഴി
വന്നവരാകാം പൊന്നേ നാം .

അരിതിരിദീപം തെളിച്ചുവച്ച്
നിറപറ മേലൊരു പൂക്കിലയും
പുതു കതിര്‍മണ്ഡപമൊന്നെന്‍  കനവില്‍
പുതു മണവാട്ടി നീയതില്

നറുമൊഴി മിന്നും കുടിലില്‍ നമ്മള്‍
ഇണ പിരിയാത്തവരാകേണം
കുളിരും കരളിന്‍ പൂതികള്‍ തീര്‍ക്കാന്‍
കൊതി പെരുകുന്നെന്നുള്ളത്തില്‍ 

പ്രണയഗാനം


പക്ഷിപ്പാട്ട് പിറന്നാലേ 
സൂര്യന്‍  കണ്ണു  തുറന്നീടൂ.
കന്നിപ്പൂവ് ചിരിച്ചാല്‍ മാത്രം 
പവിഴക്കാറ്റിന്  ചിറക് വരൂ.
നിന്‍ മിഴിയിണയില്‍  പുഞ്ചിരി പൂത്താല്‍ 
എന്നില്‍ ശലഭാക്കൂടുണരും 
*
പാട്ടൂറും മുളങ്കൂട്ടില്‍ പകല്‍ച്ചന്തം  പതയുമ്പോള്‍ 
നിറമുള്ള നിഴല്‍ വീഴ്ത്താന്‍ മോഹത്തിന്‍ തിടമ്പേറ്റം .
നീ പാര്‍ക്കുമിലക്കൂട്ടില്‍ തണല്‍ത്തണുപ്പണിയുമ്പോള്‍ 
ചിലുത്തു പൂക്കുന്നെന്നില്‍ പകല്‍ക്കിനാപ്പൂമരങ്ങള്‍ 
നാവിന്‍ നനവില്‍ 
മധുരം കിനിയും 
നിമിഷം വരവായീ .....
*
കണ്‍പീലി തുടിക്കുമ്പോള്‍ സ്പടികച്ചെപ്പിന്നുള്ളില്‍ 
ഇളകുന്നു കൊതിപ്പിക്കും കാട്ടു ഞാവല്‍പ്പഴങ്ങള്‍ .
ചുണ്ടത്തെ കൊതിച്ചിരി , കണ്ണിലെ തിളക്കവും 
കണ്ടിതോ ഓമലേ സൂര്യന്‍  മേഘത്തിന്‍ മറപൂകി 
മധുവും മണവും 
ഇഴുകി ചേരും 
നിമിഷം വരവായീ .....

Tuesday 16 October 2012

ഇരുണ്ട പ്രഭാതം


പുല്‍ക്കൊടിപോലും 
പുത്യ്ക്കുന്നു മൌനം .
വിളറും വിഭാതം.
വിരഹാര്‍ദ്ര ഭാവം..

എത്തില്ലയോ നീ , ഉണര്‍വ്വിന്‍ കരുത്തേ ,
നിസ്സര്‍ഗ്ഗ ലാവണ്മൊഴു കിത്തിളങ്ങാന്‍.
ഇലവിരിയിക്കും ഹിമകണം മിഴിയിലെ 
നനവുമായ് പ്രാര്‍ത്ഥന ചൊല്ലുമീ വേളയില്‍ 

സുരഭിലാലിംഗനലഹരിയില്‍ വിരിയുവാന്‍ 
സുമശതവര്‍ണ്ണപ്രപഞ്ചം കൊതിയ്ക്കവേ 
ഇരുള്‍ നിഴലകലുവാനൊരു തുള്ളി  വെട്ടമെന്‍
മനസ്സിന്‍റെ ചിമിഴിലേക്കിറ്റിക്കുമോ നീ 

ലളിതഗാനം

ഒരു ബിന്ദുവായ്‌ ത്രികാലലയനം
പ്രപഞ്ചമായ് വളര്‍ന്നുയര്‍ന്നും ..
സമയപ്രവാഹമേ , എന്‍ മെയ്യില്‍ നിന്‍
ജല  തരംഗ വെളിപാടുകള്‍...
                             ( ഒരു ബിന്ദുവായ്‌........

പുല്‍ക്കൊടിയില്‍, പുഴുവില്‍, പൂമ്പാറ്റയില്‍
നിറമായ്‌, മണമായ് , രുചിഭേടങ്ങളായ്
ഞാനൊഴുകുന്നതും  എന്നില്‍ നിറഞ്ഞതും
കാലമേ......,നീയെന്നറിയുന്നൂ .
                            ( ഒരു ബിന്ദുവായ്‌........

അക്ഷര ജ്യോതിസ്സ,നാദി നാദം
ചലനം താളം ഹൃദയമിടിപ്പായ്‌
ഇരുളായ് വെളിവായ്‌ മാറിമറിഞ്ഞും
കാലമേ......,കാലമേ നിന്നുടെ മായിക ഭാവം.
                        (( ഒരു ബിന്ദുവായ്‌........

Monday 15 October 2012

ശരിക്കാഴ്ച



ഭൂമിയെ പൊതിയാന്‍ നമുക്കാവും.
മധുര മനോജ്ഞ സംഗീതത്താല്‍.
അപ്പോള്‍ നമ്മള്‍ ഈണങ്ങളാവും,
താളവും ലയവും ശ്രുതിയുമാവും.
ഭൂമിയെ മഴവില്ലാക്കാം.നമ്മള്‍ 
വര്‍ണ്ണങ്ങളായി മാറിത്തീരണം.
മെച്ചവും മോശവുമല്ല 
ഓരോ നിറവുമെന്ന തിരിച്ചറിവില്‍ .
ഭൂമിയെ കടലാക്കാനുമാവും ,
നമ്മള്‍ തിരമാലകളായെന്നാല്‍.
അലറിക്കുതിക്കുന്നവ ,എന്നാല്‍
തീരം വിടുമ്പോള്‍ ശാന്തത പൂകുന്നവ .
ഭൂമി ഒരു ചിത്രകമ്പളമാവും
പല രൂപങ്ങളില്‍ നമ്മള്‍ ഒന്നിക്കുമ്പോള്‍ .
മരങ്ങള്‍ പൂക്കള്‍ പറവകള്‍
ശലഭങ്ങളും അരുവികളുമായി..
നക്ഷത്രങ്ങളുടെ മിഴിനീര്‍പ്പെയ്ത്ത്
സ്നേഹപ്രവാഹമെന്നു കാണാനാകും
കാഴ്ച്ചക്കണ്‍ക ളില്‍ സ്നേഹം പുരട്ടി
നമ്മള്‍ നോക്കിക്കാണുമ്പോള്‍

Sunday 14 October 2012

നായാട്ടുകൌശലം

വിരല്‍ മുറിച്ചേകി,ഞാന്‍, ഏകലവ്യന്‍,
ഗുരുദക്ഷിണയ്ക്കെന്നവര്‍ പറഞ്ഞു.
ഇവനമ്പുവീഴ്ത്തില്ല  തീര്‍ച്ചയാക്കി ,
കാടിളക്കിക്കൊണ്ടവര്‍  കടന്നൂ
          വേട്ടനായ്ക്കള്‍ വീണ്ടുമോരിയിട്ടൂ
          അമ്പുകള്‍ ലക്ഷ്യത്തിലേക്കു പാഞ്ഞൂ,
          അലമുറ ഭേദിച്ചു ചിരിയുയര്‍ന്നൂ
          കനിവേഴാക്കൂട്ടര്‍തന്‍ വിജയഭേരി
സായകത്തുമ്പാല്‍ ചിറകടര്‍ന്ന്‍
വര്‍ണ്ണപ്പറവകള്‍  മണ്ണിലെത്തി
മിഥുനങ്ങള്‍ ,മാനുകള്‍,പ്രേമംപകുത്തവര്‍
നെഞ്ഞില്‍ നിണച്ചാലുമായ് പിടഞ്ഞൂ.
          കാട്ടുപോത്താന കടുവയെല്ലാം
          കാണിനേരംകൊണ്ട് ചത്തുവീണു.
          കാടിന്‍റെ ഹൃദ്യ സംഗീതം നിലച്ചതും
          ഭീതി പരന്നതും ഞാനറിഞ്ഞു .
വിരലറ്റ നോവല്ലെനിക്കിതിപ്പോള്‍
 കനിവറ്റ മൃഗയാവിനോദമല്ലോ.
സ്വയ നിന്ദയാലേ ദഹിച്ചു തീരും
ഒരു വിഡ്ഢിയിന്നിവനേകലവ്യന്‍
           ഇനി ഗുരോ സംശയം ബാക്കി നില്‍പ്പൂ,
          കനിവോടുരത്തരം ഏകിടേണം .
          കാടിന്‍റെ സ്വാസ്ഥ്യം തകര്‍ത്തെറിഞ്ഞീടുവാ-
          നായിരുന്നെന്നോ വിരല്‍ മുറിയ്ക്കല്‍ .
അങ്ങെത്ര പൂജ്യനെന്നല്ലോ നിനച്ചു ഞാന്‍
അങ്ങയെ മണ്ണില്‍ മെനഞ്ഞു വച്ചൂ
ആയതിന്മുന്നില്‍  വണങ്ങിയാണ് ഋഷിവരാ
ഞാനെന്നുമസ്ത്രമെയ്യാന്‍ പഠിച്ചു .
          ഈ സ്വര്ഗ്ഗഭൂവിന്റെ കാവലാളാവുക -
          യൊന്നു മാത്രം മമ ലക്ഷ്യമന്ന് ,
           നീ കനിഞ്ഞേകിയ  വിദ്യാ ധനത്തിന്
          നീയെന്‍റെ ലക്ഷ്യം കവര്‍ന്നെടുത്തു .
എന്‍റെ വിരല്‍ നീ എനിക്ക് തന്നേക്കുക
നീ തന്ന വിദ്യകള്‍ തിരിച്ചു നല്‍കാം
പ്രാകൃതമാം ഒരറിവിനാലെങ്കിലും
ഞാനെന്‍റെ കാടിന് കാവല്‍ നില്‍ക്കും.

***   ഇന്ന് സാംകേതികവിദ്യയും  സാമ്പത്തിക സഹായവും ആയുധവും, അ ണുശക്തിയും ബീ റ്റി ഉല്‍പ്പന്നങ്ങളും ആയി വിദ്യ മാറുമ്പോള്‍ വിരല്‍ സ്വാതന്ത്രവും സമ്പത്തും മണ്ണും വിഭവങ്ങളും സ്വയം  നിര്‍ണയാവകാശ വുമൊക്കെയായി മാറുന്നിടതാണ്  ഏകലവ്യന്റെ കഥ പ്രസക്തമാവുന്നത്.

തിരിഞ്ഞു നോക്കുമ്പോള്‍

തിരിഞ്ഞു നോക്കുമ്പോള്‍
***
മുണ്ടാണ്ടേ ചിരിക്കാണ്ടെ, ചുറ്റോട്ടം കണ്ണെറിയാണ്ടെ,
നെട്ടോട്ടോം  കുറിയോട്ടോം  ഓടിത്തളരണ  കുഞ്ഞാഞ്ഞേ .
നീണ്ട നാവു നീട്ടിയാട്ടി ,കൊഴുത്ത കണ്ണീരൊഴുക്കിവിട്ടു
മോങ്ങി നീങ്ങി നോവ്‌ തീണ്ടി കൊഴഞ്ഞുവീഴണ കുഞ്ഞാഞ്ഞേ .,കുഞ്ഞാഞ്ഞേ
എന്താണ്ടാ നിന്റൊടുവില്  മാറാപ്പിലുള്ളൊരു സമ്പാദ്യം *

ചുട്ടെരിഞ്ഞ  മണ്തരിയും  ഇട്ടെറിഞ്ഞ ബന്ധ സ്വന്തം
ചോര ചിന്നി നിലവിളിച്ചു ശപിച്ചെറിഞ്ഞത് നിനക്ക് കൊണ്ടോ .
തൊട്ടറിയാ രുചിച്ചറിയാ മ ണത്തറിയാനിറവിതെല്ലാം 
പാഴിലെന്നു മനം മുറിഞ്ഞു  മൊഴിഞ്ഞതെല്ലാം നിനക്ക് വെന്തോ .
എന്താണ്ടാ നിന്റൊടുവില് അകത്തെഴയണ  നെഞ്ചുരുക്കം

കൊച്ചരുവീം  പൂനിലാവും പൂക്കളെല്ലാം പറവക്കൂട്ടം
കരളഴകിനു തെളിച്ചം കൂട്ടാന്‍ ചിരിച്ചു നിക്കണ് കുഞ്ഞാഞ്ഞേ .,കുഞ്ഞാഞ്ഞേ
അടുത്ത ജന്മം മനുഷ്യ ജന്മം  നിനക്ക് കിട്ടാം കൊതിച്ചുവെന്നാല്‍
ത ണു പ്പറിയാം  തരിച്ചു നില്‍ക്കാം മദിച്ചു പൂക്കാം കുഞ്ഞാഞ്ഞേ .,
എന്താണ്ടാ നിന്റൊടുവില് തെളിഞ്ഞു നിക്കണ പൂങ്കനവ്‌

മഴയുടെ ആത്മകഥ

മഴയുടെ ആത്മകഥ 
****
തീരെ അസ്വസ്ഥമാവുമ്പോള്‍ വായന.
ഈ അടുത്ത കാലത്തെ പുതിയ ശീലം.
മദ്യപാനം ആരോഗ്യത്തിനു ഹാനിയെന്ന് 
കുപ്പികളിലെല്ലാം വായിച്ചതാകാം കാരണം.
ഇന്ന് കയ്യില്‍ തടഞ്ഞത് പുതിയ പുസ്തകം .
മഴ സ്വന്തം കൈപ്പടയില്‍ എഴുതിയ ആത്മകഥ.
വല്ലാത്ത വായനാസുഖം.
നോവുകളുടെ പടം പൊഴിയുന്നു .
ഒന്നാം അദ്ധ്യായം പിറവി രഹസ്യം.
പാരമ്പര്യ വിശ്വാസം കടപുഴകുന്നു.
സൂര്യന്‍ ചൂടുചൊരിഞ്ഞ്‌
വെള്ളം തിളപ്പിച്ച്‌ ആവിയാക്കിയെന്ന് ,
പറന്നുപൊങ്ങി കരിമെഘമായെന്ന് ,
കാറ്റ് തലോടിയപ്പോള്‍ പെറ്റുവീണെന്നും.
മഴ പറയുന്നു എല്ലാം ഭാവന.
ഹൃദയം കുളിര്ന്നുലഞ്ഞപ്പോള്‍
ആദ്യ കവിയുടെ ഹൃദയത്തില്‍ നിന്നും
കിനിഞ്ഞിറങ്ങിയ സ്നേഹമാണത്രേ
താനായി പിറന്നതെന്ന് മഴമൊഴി.
നൊന്തു നീറുന്ന എല്ലാ ഹൃദയങ്ങളെയും
തഴുകി തണുപ്പിക്കുക ജന്മ നിയോഗം..
നേര്‍ത്ത നാരുകളായ് പെയ്ത കുളിര്
ജീവജാലങ്ങള്‍ക്കെല്ലാം ആശ്വാസം.
ശുഭ സൂചക മഴവില്ലുകള്‍
നിരന്തരം വര്‍ണ്ണക്കാഴ്ച്ചകളായി.
ദുഖവും വിരസതയും മ്ലാനതയും
അഴിച്ചു മാറ്റുന്ന മാന്ത്രികത.
പോകപ്പോകെ മഴയുടെയും ഭാവം മാറിയത്രെ
നിഷ്കളങ്ക ജന്മങ്ങളെ തിരുത്തുന്ന കാലം
മഴയ്ക്ക്‌ നല്കിയതും അതേ വിധി.
ഇപ്പോള്‍ പ്രളയമായാണ് പെയ്തിറങ്ങുന്നത്.
അനുഭവങ്ങളും കാഴ്ച്ചകളുമാണ്
കരളലിവില്ലായ്മയ്ക്ക് കാരണം .
ജീവിതങ്ങളെ ശ്വാസം മുട്ടിക്കുകയും
ഇരുളിലേക്ക് ചവിട്ടിതാഴ്തുകയുമാണ്.
ഇപ്പോള്‍ നിരന്തരം ചെയ്യുന്നതെന്ന് മഴ .
എന്നിട്ടും ഒരുപിന്‍ നടത്തം ആഗ്രഹമെന്നും
അവസാന പേജിലൊരു കുറിപ്പുണ്ട്.
പുസ്തകം വായിച്ചു മടക്കുമ്പോള്‍
പുറത്തു തുള്ളിക്കൊരുകുടം പ്രളയമഴ..

ഏതു കാലം ?

ഏതു കാലം ?
---------------------- 
ഏതു കാലം ഏതു കാലം മടങ്ങി വരേണം 
നിങ്ങള്‍ ചൊല്ലും നന്മയുടെ നാളുകളേത്?
ആയുധത്തിന്‍ പിന്‍ബലത്തില്‍ പടയൊരുക്കുന്നോര്‍ 
പിന്നില്‍നിന്നും ചികഞ്ഞെടുക്കുന്നതേതു നീതികള്‍ ?
***
വേദങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ച കാതില്‍ 
ഈയ്യമുരുക്കി ഒഴിച്ചു,
അമ്പെറിയാനറിഞ്ഞു പോയോന്റെ 
പെരുവിരല് മുറിച്ചു,
സമൃദ്ധിയുടെ നാള് തീര്ത്തോനെ
ആഴത്തില്‍ ചവിട്ടിത്താഴ്ത്തീ
ദൈവ നാമമുരുക്കഴിച്ചോനെ
ശൂലത്തില്‍ കുത്തി നിറുത്തീ...
***
ഹോഹോ വിളിയുയരും നേരം മറഞ്ഞു നില്‍ക്കാനോ
ദാഹ നീര് കോരിയെടുത്താല്‍ കഴുത്ത് പോകാനോ ,
നിറഞ്ഞ സ്വപ്നങ്ങളെല്ലാം അശ്ലീല ചിരിക്കു നല്‍കാനോ
ചാട്ടവാറുകള്‍ കറുത്ത മേനിയില്‍ ചാലുകള്‍ തീര്‍ക്കാനോ?
***
കിഴക്കിന്‍ മാനം ചുവക്കും മുമ്പേ, പാടത്തിറങ്ങാനോ?
വെറും വയറ്റില്‍ കിതച്ചു കിതച്ചു ചേറ്റിലിഴയാണോ,
നിറഞ്ഞ താരുണ്യം പുറത്ത് കാട്ടി ചേലില്‍ നടക്കാനോ,
അടിമച്ചന്തയില്‍ മാടുകളായ് വിലയ്ക്ക് പോകാനോ ?
***
കാടറിഞ്ഞു കാറ്ററിഞ്ഞ്
ഭൂമിയുടെ നോവറി ഞ്ഞ് ,
സംഘ ബോധം മനസ്സിലേറ്റിയ
ദ്രാവിഡപ്പഴമ...
നേരറിഞ്ഞ് ,മനസ്സറിഞ്ഞ്
ഭൂമിയുടെ നോവറിഞ്ഞു
സംഘ നൃത്തത്തേരേറിയ
ദ്രാവിഡപ്പഴമ...
ദ്രാവിഡപ്പഴമ...
ഏതു കാലം ഏതു കാലം മടങ്ങി വരേണം
നിങ്ങള്‍ ചൊല്ലും നന്മയുടെ നാളുകളേത്?



Sunday 7 October 2012

സമയം

സമയം 
********


"എന്തിനുമുണ്ടൊരു സമയം.
അതാ നീ നന്നാകാത്തത്"
പറഞ്ഞത് ഉറ്റ ചങ്ങാതിയാ.
അതിനാല്‍ . വിശ്വസിച്ചേ പറ്റൂ.
കഷ്ടകാലത്തും പിരിയാത്തവനാ,
ആശ്വസിപ്പിക്കാന്‍ പറഞ്ഞതുമാവാം
തുടങ്ങുന്നതെല്ലാം മുടങ്ങുന്നതിനാലാവാം
വീട്ടുകാരിയും ഇത് തന്നെ പറഞ്ഞു
സമയം ശരിയല്ല ഒന്ന് നോക്കിക്കണം.
ചിലപ്പോള്‍ ഒരു ഉപദേശം പോലെ
മറ്റുചിലപ്പോള്‍ സമാധാനിപ്പിക്കാന്‍....
എനിക്കും പറയാന്‍ തോന്നുന്നു
എന്തിനുമുണ്ട് ഒരു സമയം.
ഉണ്ടുണ്ട്, എന്തിനുമൊരു സമയമുണ്ട്.
ഉള്ളിലിരുന്നൊരു താന്തോന്നി പറഞ്ഞു.
മരിക്കാനൊരു സമയം
ജനിക്കാനൊരു സമയം
വിത്തിടാനൊരു സമയം
വിള കൊയ്യാനൊരു സമയം
പല്ലുരുമ്മാനൊരു സമയം
കൊല്ലാനൊരു സമയം
അനുശോചിക്കാനൊരു സമയം
മുറിവുണക്കാനൊരു സമയം
ഇടിച്ചു നിരത്താനൊരു സമയം
കെട്ടിപ്പൊക്കാനൊരു സമയം.
വിങ്ങിപ്പൊട്ടാനൊരു സമയം
തുള്ളിച്ചാടാനൊരു സമയം
പരിഹാസമാനെങ്കിലും എനിക്ക്
ഇപ്പോള്‍ വിശ്വസിച്ചേ പറ്റൂ,
ഏറേ നാളായുള്ള ആഗ്രഹമാണ്
എനിക്കും ഒന്ന് നന്നാകണം

Friday 5 October 2012

നിഴലുകള്‍

നിഴലുകള്‍ 
****
എന്നേ ഈ പ്ലാസ്റ്റിക് പൂക്കള്‍ 
ഇമ്പക്കാഴ്ചയൊരുക്കി ചുമരിലുണ്ട്.
കൃത്രിമ പൂക്കളെന്നു പറയില്ല.
അത്രയ്ക്കുണ്ട് മനോഹാരിത.
അതുകൊണ്ടാവാം , പിന്പറ്റിനിന്നവ,
നിഴലുകള്‍, കണ്ണില്‍ വരാഞ്ഞത്. 
പക്ഷെ, ഇപ്പോള്‍, ഇപ്പോള്‍ മാത്രം 
ഞാനത് തിരിച്ചറിയുന്നു.
പൂവുകള്‍ക്കും ഇലകള്‍ക്കും പിന്നില്‍
അവയുടെ വലിപ്പം ചാഞ്ഞ നിഴലുകള്‍.
വര്‍ണ്ണങ്ങള്‍ ചോര്ന്നുപോയവ.
മരണ രൂപങ്ങള്‍ പോലെ.
പ്രാകാശപൂര്‍ണ്ണിമയില്‍ മിന്നും
സര്‍വ്വ ചരാചരാങ്ങളും വിഭിന്നമല്ല.
ഉടലൊട്ടി മരണം നിഴലായുണ്ട്.
മാറ്റത്തിന്റെ ഗണിതശാസ്ത്രം
മെയ്യോടൊട്ടി ഉണ്ടായിരുന്നിട്ടും
എനിക്കെന്നിലെയെന്നെ
പരുവപ്പെടുത്താനാകാഞ്ഞത് കഷ്ടം.
നിഴലുകള്‍ ഗുരുക്കന്മാര്‍
ഉണ്മയിലൂടെ നടത്തുന്നവര്‍.
ഒപ്പംകൂടി അറിവ് പാകാന്‍
പ്രപഞ്ച ശില്‍പ്പി നിയമിച്ചവര്‍

ഏദന്‍ തോട്ടം

ഏദന്‍ തോട്ടം 
****
ഏദന്‍ തോട്ടത്തിന്റെ തുള്ളിത്തുളുമ്പുന്ന 
യൌവ്വന കാലത്താണ് അവര്‍ വന്നത്. 
പൂക്കളും പഴങ്ങളും ചെടികളിലും മരങ്ങളിലും 
നിറങ്ങളും സുഗന്ധവും ചിതറിച്ചു. 
കിളിപ്പാട്ടുകളും ശലഭ നൃത്തങ്ങളും 
പ്രണയ പശ്ചാത്തലം ഒരുക്കുകയും ചെയ്തു. 
മുന രാകിയ അറപ്പുവാളും,മഴുവും 
ബലം കനത്ത കയറും അവര്‍ കരുതിയിരുന്നു.
അപ്പോള്‍ ഹവ്വ പറഞ്ഞു." ദൈവമേ,
എന്തോരം വണ്ണമാ ഈ വീട്ടിമരത്തിന്".
ആദം പറഞ്ഞു "ഇലവരെ കാതലാ ,
കുറഞ്ഞത്‌ ആയിരം വര്‍ഷത്തെ പഴക്കം". .
"ഇനി ഒരഞ്ച്‌ വര്ഷം കുറഞ്ഞാലെന്താ,
കട്ടിക്കാതലില്‍ വീട്ടിക്കട്ടില്‍ ഹായ്."
ഇലകളും പൂക്കളും കായ്കളും
അരിഞ്ഞ് വീഴ്തപ്പെടുകയും മരങ്ങള്‍
4x4,, 2 /6 അളവുകളിലേക്കു ചുരുങ്ങുകയും ചെയ്തു.
തേക്ക്, വീട്ടി, ചന്ദനം , മാഞ്ചിയം
പേരുകള്‍ പൊലിഞ്ഞു ഉരുപ്പടികളായി
ഏദനില്‍ ഇപ്പോള്‍ സംഗീതമില്ല
ഒച്ച നിലച്ച ജീവി വര്‍ഗ്ഗങ്ങളും , നിശ്ശബ്ദം
കരയുന്ന മരങ്ങളും മാത്രം.
വിവാദം തീര്‍ത്ത ആപ്പിള്‍ മരം
മാദകപ്പഴവും പേറി പുഞ്ചിരിച്ചു ,
അറിവ് കൊടുക്കാന്‍ കാത്തിരുന്ന പാമ്പിനും
പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ല .
ആദം " ദേ, പഴയ സാധനം, പറിക്കട്ടെ",
ഹവ്വ, " പൊന്നേ വേണ്ടാ പൊല്ലാപ്പ്"
അപ്പോള്‍ നാണം തോന്നിയത് പാമ്പിന്,
അത് ഇഴഞ്ഞിഴഞ്ഞു മെല്ലെ മാളത്തിലേക്ക്.

വീണ്ടും ആനയെ കാണുന്നു കുരുടന്മാര്‍

വീണ്ടും ആനയെ കാണുന്നു കുരുടന്മാര്‍ 
*****
ആനയെ കാണാന്‍പോയ കുരുടന്മാരുടെ 
അനുഭവ സാക്ഷ്യം ഞങ്ങള്‍ക്കും.
ജനാധിപത്യത്തെക്കുറിച്ച് ,, തോട്ടറിഞ്ഞതാണ്.
അതിനാല്‍ തികച്ചും ആധികാരികം.
നോക്ക്, നാല് നെടും തൂണുകള്‍ ,
ശക്തം ഏത് ഭാരവും വഹിക്കാവുന്നത്‌ .
(അപ്പടി വൃണങ്ങള്‍, ദുര്‍ബ്ബലം , ദുഷിച്ച 
അഴിമതിച്ചോര ഒഴുകുന്നത്‌ 
അറിയുന്നില്ല തൊടും വിരലുകള്‍).))))))) )))) ).
അമ്പട എത്ര വലുത് ഈ ശരീരം
പുറം ലോകത്തേക്ക് വിളിച്ചു കൂവാം
(അകം ചപ്പു ചവറുകള്‍ നിറഞ്ഞത്‌,
ദാരിദ്ര്യത്തിന്റെ നിലവിളി നിരന്തരം
അറിയുന്നില്ല വിരലുകള്‍). )
ഇനി തുമ്പി, ചുഴറ്റുന്നുണ്ട് ചുറ്റിലും .
എത്ര ഊര്‍ജ്ജസ്വലം ജനാധിപത്യമെന്ന്
അത്ഭുതം കൂറുകയാണ് ഞങ്ങള്‍
(നേടുന്നതൊക്കെ പാഴെന്നു
പറയുന്നവരോട് ഞങ്ങള്‍ക്ക് പുശ്ചം ).
വലിയ ചെവി തൊട്ടവര്‍ക്ക്, ഇത്
വീശിത്തണുപ്പിക്കുന്ന മുറം .
(വിങ്ങും മനസ്സിനെ തണുപ്പിക്കാന്‍
ഈ വീശല്‍ പോരെന്നു ആരും പറഞ്ഞുമില്ല.)
ഇനി വാല്‍ തൊട്ടറിഞ്ഞവര്‍" "----- ഹായ്
എത്ര മൃദുലം , ഒരു ചാമരം പോലെ.
(ജാനാധിപത്യത്തിന്റെ മുഖമുദ്രയായി
വാലാട്ടല്‍ മാറുന്നു, ആട്ടിയാട്ടി തളരുന്നു).
ഞങ്ങള്‍ കുരുടന്മാര്‍ തൊട്ടാല്‍ അറിയാത്തതായി
എന്തുണ്ട് ഈ ആനയില്‍..., ........
വിശപ്പോ, തൊഴിലില്ലായ്മയോ
നിരക്ഷരതയോ, അഴിമതിയോ...
ഇല്ല ഞങ്ങള്‍ തൊട്ടറിഞ്ഞിട്ടില്ല
അറിയുംവരെ ഞങ്ങള്‍ പറയും
അമ്പോ ജനാധിപത്യം എത്ര മഹത്തരം 

നരകനഗരങ്ങള്‍

നരകനഗരങ്ങള്‍
****** 
സന്തോഷംകൊണ്ട് എനിക്കിരിക്കാന്‍ വയ്യേ .......
തുള്ളിച്ചാടാം ഇനി നിങ്ങള്‍ക്കും .
നോക്ക് കണ്ണ് തുറന്നു നോക്ക് ,അസൂയപ്പെടാതെ .
നടോന്നാകെ ഒരൊറ്റ നഗരമാവുകയാണ് .
ആകാശത്തേക്കുയര്‍ന്നു പോവുന്നു 
വെണ്ണക്കല്‍ കൊട്ടാരങ്ങള്‍ ,ബഹുനിലകള്‍ .
വാസ്തു ശില്‍പ്പ സൌന്ദര്യം പരമകോടിയില്‍ .
വീഥികള്‍ ഒക്കെയും മാര്‍ബിള്‍ പാകിയത്‌ 
പാതയോരങ്ങള്‍ ഉദ്ധ്യാനങ്ങള്‍ .
വിനോദ യാത്രികരെ വരിക വരിക
ഭൂമിയിലെ സ്വര്‍ഗ്ഗം ഇതാണ് ഇതാണ്.
ഗ്രാമങ്ങളിലും നഗരങ്ങളിലും
ദുശ്ശകുനം തീര്‍ത്തവര്‍ ഇപ്പോഴില്ല.
ദരിദ്രരുടെ വംശങ്ങള്‍ കുറ്റിയറ്റുപോയി.
വികസനം ലക്‌ഷ്യം കണ്ടതിന്റെ തെളിവ്.
വിശപ്പും ദുരിതവും നല്‍ക്കി കുറേപേരെ
എന്നെന്നേക്കുമായി രക്ഷിച്ചു മാറ്റി.
മാരക വിഷം തളിച്ച് പരീക്ഷിച്ചപ്പോഴാണ്
കുറെ കൃമികള്‍ചത്തൊടുങ്ങിയത് .
കടം കയറി കയറെടുത്തവര്‍,
കള്ളക്കള്ളില്‍ ഒടുക്കം കണ്ടവര്‍,
രോഗം വന്നു കൃമിച്ചു ചത്തവര്‍
നാണം തോന്നി എതിര്‍ത്ത് തീര്‍ന്നവര്‍
ഇല്ല, അവരില്ല, ഒരൊറ്റ വീട്ടിലും.
ദേ, സംശുദ്ധമീ നഗരങ്ങള്‍,മനുഷ്യവാസമില്ല .
ഇനിയീ വീടുകളിലെല്ലാം കാഴ്ച്ചച്ചേലുള്ള
യോജ്യരായ താമസക്കാര്‍ വരും
പണ്ടിവിടം വിട്ടുപോയ യജമാനന്മാര്‍ക്ക്‌ മുന്ഗണന.
വിടുപണി ചെയ്തും കൂട്ടിക്കൊടുത്തും
ആസനത്തിലെ ആല്‍ മരക്കുളിരറിഞ്ഞവര്‍
പലവര്‍ന്ന പരവതാനികള്‍ വിരിക്കുന്നു.
നല്ല തൊലി, നല്ല മുഖശ്രീ , കുലമഹിമ
അങ്ങനെ നമ്മുടെ നാടും വികസിക്കും.
വികസനം ഇഷ്ടപ്പെടാത്തചെറ്റകളുമുണ്ട്
കുടിവെള്ളം, അണുവികിരണം, പരിസ്ഥിതി,
എന്‍ഡോസള്‍ഫാന്‍,അവശ്യ മരുന്ന്, തൊഴില്‍
ഓരോന്ന് പൊക്കിപ്പിടിച്ചുകൊണ്ട് വരും.
പക്ഷെ തോറ്റുപോകും, ജയിലുകലുണ്ടിവിടെ .
അല്ലെങ്കില്‍ ഭീകരനാക്കി പേപ്പട്ടിയെപ്പോലെ വേട്ടയാടും
ഉറങ്ങിക്കിടന്നാല്‍ ഏറ്റുമുട്ടല്‍ പ്രതിയാക്കാം
പിന്മാറ്റമില്ല നാട് നഗരമാക്കും കട്ടായം
പക്ഷെ, .......
തെമ്മാടിക്കുഴികളുടെ മേല്മൂടികള്‍ ഇളകുന്നുണ്ട് .
വിശുദ്ധ ഗ്രാമങ്ങളുടെ ആത്മാക്കളാവും.

ആക്രി

ആക്രി 
......
തേഞ്ഞ ചൂരല്‍ കസേരയില്‍ 
ഞാനൊരു പുരാവസ്തു.
അതിനാലെന്നും എന്നെക്കാണുമ്പോള്‍ 
ഉച്ച സ്ഥായിയില്‍ ഒരു പരിഹാസം 
"ചാക്ക് പാട്ട പേപ്പര്‍ കുപ്പി 
പഴയത് വല്ലതും വില്‍ക്കാനുണ്ടോ":
ഉണ്ടെന്നുള്ള മറുപടിയുന്ടെനിക്കിന്ന്.
തരം തിരിച്ചുള്ള ലിസ്റ്റും റെഡി .
ഉപയോഗമില്ലാത്തതെല്ലാം,
കാലഹരണപ്പെട്ടതൊക്കെയും.
ആദ്യ ഇനം വെറുപ്പുകളാണ്
കുറെ കൂടുതലുണ്ടവ
കാലക്രമേണ ക്ഷയിച്ചവയും
ഇപ്പോഴും തിളങ്ങുന്നവയുമുണ്ട്.
വിഷാദം ഒരു കൂനയുണ്ട് ,
പലപ്പോഴായി വീണു കിട്ടിയത്
മൂടല്‍ മഞ്ഞുപോലെ ഇപ്പോഴും
അകത്തും പുറത്തും ഒഴുകി നടക്കും .
ഇനുയുള്ളത് അസൂയയുടെ കരുതല്‍ ശേഖരം
അയല്‍ക്കാരോടുള്ളതാണ് ഏറെയും
മറിച്ചു വിറ്റാലും നല്ല വില കിട്ടും
അതിനാല്‍ വില അല്‍പ്പം കൂടും .
ആശംസകളും അനുമോദനങ്ങളും
കുന്നു കുന്നായുണ്ട്, വിറ്റേ തീരൂ.
കേവല മര്യാദയില്‍ പിറന്നത്‌,
ഗൂഡ താല്പ്പര്യങ്ങളോടെ നിര്‍മ്മിച്ചത്
ബാദ്ധ്യതയായത്, ആത്മാര്‍ത്ഥമല്ലാത്തത് .
പഴയ വിശ്വാസങ്ങള്‍ കുറേയുണ്ട്
ഇപ്പോള്‍ ഗുണമില്ലെങ്കിലും ഉപകരിക്കും
വിലയേറിയ പുരാ വസ്തുക്കളാണ്
ഷോക്കേസുകള്‍ മോടിപിടിപ്പിക്കാം.
തെറ്റില്ലാത്ത അളവില്‍ അഹന്തയുണ്ട്
ബലം പിടിക്കാം, അമ്പട ഞാനേ കളിക്കാം .
ഉപയോഗ ക്ഷമത കൂടുതല്‍
ആര്‍ക്കും എപ്പോഴും ഉപയോഗിക്കാം
ഭീതിയും വ്യസനവും ക്വിന്റല്‍ കണക്കിന്
വിറ്റുപോയാല്‍ മുറിയില്‍ ഇടം കിട്ടും
മനോ വിഭ്രാന്തിയുടെ വിലയെന്താവോ ,
ഉണ്ട്, വില്‍ക്കാനൊരൊത്തിരി
അവിശ്വാസവും സംശയവും
റീസെയില്‍ വില കൂടിയത് ഏറേ സ്റ്റോക്കുണ്ട്,
ആക്രിക്കാരന് താങ്ങാനാവുമോ
കഠിന വാക്കുകളുടെ ഒരു നിലവറയുണ്ട്
മാരക വിഷം ചീറ്റുന്നത്
ബന്ധങ്ങള്‍ പിരിക്കാം
സൌഹൃദങ്ങള്‍ മുറിക്കാം,
വെറുക്കപ്പെട്ടവയെല്ലാം വിറ്റു കഴിഞ്ഞാല്‍
എനിക്ക് ശേഖരിക്കണം സ്നേഹം,
പ്രത്യാശ,
ഉന്മേഷം,
ആഹ്ലാദം.
ക്ഷമ
കരുണ
ആക്രിക്കാരാ വേഗം വരിക
പഴയവ യൊ ത്തിരിയുണ്ട്
വിലയിടാത്തവ വെറുതെ തരാം,
ഏയ്‌ , ആക്രിക്കാരാ.......

ദൈവരാജ്യത്തേക്ക് പ്രവേശനമില്ലാത്തവര്‍

ദൈവരാജ്യത്തേക്ക് പ്രവേശനമില്ലാത്തവര്‍ 
****
മേഘരൂപങ്ങളൊഴുകുന്ന ആകാശത്ത്
നേരിന്റെ കവിത വായിക്കാം.
നീലയിളകും കടല്‍പ്പരപ്പിലും
പച്ചമിനുങ്ങും പുല്‍ത്തഴപ്പിലും 
നേരിന്റെ കവിതയുണ്ട്.
കവിത കാണാത്തവന്റെ മനസ്സ് 
പിശാചിന്റെ തട്ടകം.
അവന്‍ ജീവിക്കുന്നുണ്ടാകും , പക്ഷെ
സ്വയം ചത്ത ഭീരു.
.
കവിതയില്‍ നിന്നും അകലുമ്പോള്‍
ആത്മാര്‍ത്ഥ സുഹൃത്തിന്റെ നഷ്ടം.
കവിത സുഖ ദുഖങ്ങളുടെ പങ്കാളി .
വിശുദ്ധ യാത്രകളിലെ കൂട്ടാളി.
.
ശരിക്കവിതയുടെ താളവും സ്പന്ദനവും
മാധുര്യമൂറും കരുതലും അഭയവുമാണ്.
ഹൃദ്യ കവിതയുടെ ആനന്ദകരമായ താളാത്മകത
തൊട്ടൊഴുകിപ്പോകുന്ന ഇളം കാറ്റിലുണ്ട്.
കഷ്ട നഷ്ടങ്ങളുടെ വേളകളിലും
സന്തുഷ്ട നിമിഷങ്ങളിലും ഒരേപോലെ.
കാറ്റുപാടും കവിതയുടെ ആഴങ്ങളില്‍
മുങ്ങി നിവരാം, നീന്തിത്തുടിക്കാം.
.
രാവിന്റെ നിശ്ശബ്ദതകളിലാവും
ഉദാത്ത കവിതകളുടെ വെളിപ്പെടല്‍.
ഒച്ചയിഴയാതെ നിലാവെന്മ ചേര്‍ന്ന്
ഹൃദയ ഭിത്തികളിലമരും ഉള്ളെഴുത്ത്
സമാശ്വസിപ്പിക്കാന്‍, മുറിവുണക്കാന്‍
പ്രിയ മിത്രമായി ചുറ്റുവട്ടത്തുണ്ട് കവിത.
.
കവിതകള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴികാട്ടികള്‍.
സ്വസ്ഥതയിലേക്കും സംഗീതത്തിലേക്കും നയിക്കും
കൊലപാതകിക്കും മോഷ്ടാവിനും
വ്യഭിചാരിക്കും സ്വര്‍ഗ്ഗം അന്യം.
കവിതയ്ക്കൊപ്പം പോകാത്തവര്‍ക്കുമുന്നിലും
സ്വര്‍ഗ്ഗവാതില്‍ കൊട്ടിയടയ്ക്കപ്പെടുമത്രെ.

Thursday 4 October 2012

ഇടവഴികള്‍ തരുന്ന സ്വസ്ഥത .

ഇടവഴികള്‍ തരുന്ന സ്വസ്ഥത .
****
മുന്നിലുണ്ടായിരുന്നിട്ടും കാണാതിരുന്നവ,
ഈ കുഞ്ഞിടവഴികള്‍.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍.
വന്‍ നേട്ടങ്ങളിലേക്കൊന്നുമാവില്ല 
ഇവ ചെന്ന് ചേരുന്നത്.
എന്നാല്‍ മനസ്സ് ശാന്തത രുചിക്കും.
ഉടലും ഉള്ളും ഒരേപോലെ 
ആരോഗ്യ തൃപ്തി നിലനിര്‍ത്തും.
.
വിരിഞ്ഞുലയും പൂക്കളെ കാണുമ്പോള്‍
പുഴമണലിലിളവേല്‍ക്കുമ്പോള്‍ ,
പുഞ്ചിരിക്കുമൊരു ശിശുമുഖം കാണുമ്പോള്‍
ഒരു കിളിപ്പാട്ടില്‍ കാതുരുമ്മുമ്പോള്‍
ചെറുവഴികളിലെ സഞ്ചാരികള്‍ നമ്മള്‍.
ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടാത്താവ
സൂര്യവെളിച്ചംപോലെ, കാറ്റുപോലെയും.
എവിടെയുമുണ്ട് കുഞ്ഞിടവഴികള്‍.
.
ഇടവഴികളുടെ ചൂണ്ടുപലകകള്‍
ഇരു ദിക്കുകളിലേക്ക് ദിശകാട്ടുന്നു
ഒരിടം സ്നേഹമെന്ന്
സഹാനുഭൂതി രണ്ടാമിടം .
എത്ര തിരക്കായാലും ഇനി അതിനാല്‍
ഇടവഴികളിലൂടെ മാത്രം എന്റെ യാത്ര.
.
എത്ര അകലത്തായാലും രാവാകുംപോള്‍
വീട്ടിലേക്കു നടത്തിക്കുന്നു മനസ്സ്.
പ്രിയപ്പെട്ടവരുടെ സുരക്ഷയിലേക്ക്
അലട്ടലുകളില്ലാത്ത സുഖ നിദ്രയ്ക്കും.
കൊച്ചുകൊച്ചു സന്തോഷങ്ങള്‍ തരുന്നത്
വീട് തരുന്നൊരു സ്വസ്ഥത.