Monday, 28 April 2014

ചവറ്റുകുട്ട

ചവറ്റുകുട്ട

     ബന്ധങ്ങളിൽനിന്നും സ്നേഹം പടിയിറങ്ങിപ്പോയ ഇക്കാലത്ത് തുറന്നെഴുത്ത് അപകടം വിളിച്ചുവരുത്തും. പക്ഷെ ഇനിന്റെ  കാര്യത്തിൽ അത് സംഭവിക്കില്ല. ഇന്നോളമുള്ള ജീവിതപാഠങ്ങൾ അപ്രിയ സത്യങ്ങളെ അപ്പാടെ വിഴുങ്ങുന്ന ശീലം തന്നുകഴിഞ്ഞു. അതിനാൽ ഉടലിനെയും ഉയിരിനെയും സംരക്ഷിച്ച് എഴുത്തുകാരനായി ഞാൻ തുടരുന്നു. എഴുതുന്നത്‌ എന്തെന്ന് വീട്ടുകാരത്തി വായിക്കാത്തിടത്തോളം വീടകത്തും ഞാൻ സുരക്ഷിതൻ. മിക്ക എഴുത്തുകാരുടെയും പൊതുവിധി ഇതാവാം.അൽപ്പം അശ്രദ്ധമതി കാര്യങ്ങൾ കൈവിട്ടുപോകും.ഞാൻ ശ്രദ്ധാലുവാണ് 
               വീണുകിട്ടിയ വിഷയത്തെ മനസ്സിലിട്ടു വികസിപ്പിച്ച് അനുബന്ധ പഠനങ്ങൾക്ക് വിധേയമാക്കിയത്തിനു ശേഷമാണ് "തകർച്ചയിൽ നിന്നും ലോകത്തെ രക്ഷിച്ച കണ്ടുപിടുത്തം " എന്ന ശീർഷകത്തിലെ ലേഖനം എഴുതിയത്. അവസാന മിനുക്കുപണി കൾക്കായി ഇന്ന് വളരെ നേരത്തേ എഴുന്നേൽക്കുകയും ചെയ്തു. ആരുടെ മുന്നിലും അവതരിപ്പിക്കാവുന്ന ആധികാരിക രേഖ എന്ന് ഉറപ്പാക്കി അഭിമാനംകൊണ്ട നിമിഷത്തി ലാണ്   സർവ്വതും തകർത്ത ഒരാക്രോശം എന്നിലേക്കു വന്നു പതിച്ചത്.
             " മല മറിക്കാനല്ലേ കൊച്ചുവെളുപ്പാങ്കാലത്ത്  എഴുന്നേറ്റിരിക്കുന്നത് . രൂപ ആയിരത്തി മുന്നൂറ്റമ്പതാ കറണ്ട് ചാർജ്ജായി എഴുതിത്തള്ളിയിട്ടുപോയത്. അല്ല, ഇങ്ങേർക്ക്  അതൊന്നും ബാധകമല്ലല്ലോ. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ചെക്കൻ പെടുന്ന പാടുകാണ്ടാൽ  സങ്കടം തോന്നും. ഒന്നീലൊരു പൊത്തകോം കയ്യിൽവെച്ച് ചാരുകസേരേൽ മലർന്നങ്ങ് കിടക്കും. അല്ലെങ്കിൽ ഇല്ലാത്ത കാശിന് പേനേം കടലാസ്സും വാങ്ങി കുത്തിക്കുറിച്ചോണ്ടിരിക്കും"
                 അവളുടെ ശബ്ദം കീഴ്സ്ഥായിയിൽ എത്തിയെന്നത് വെറും തോന്നലാ.ശരിക്കും 
അതാവില്ല സംഭവിച്ചത്. പ്രഭാഷണവും  കേൾവിക്കാര നും തമ്മിലുള്ള അകലം വർദ്ധിച്ച താവും.പ്രഭാഷക ഇതിനാലകം ഡൈനിംഗ് റൂമും കടന്ന്   അടുക്കള വാതിലും പിന്നിട്ട് മുറ്റത്തേക്കിറങ്ങിയിട്ടുണ്ടാകും. അപ്പോഴും മുറിയാത്ത വാചകങ്ങൾ ഉച്ചസ്ഥായീഭാവ ത്തിലും. ഈ  ശബ്ദധാരയോട്  ഇതിനാലകം  പൊരുത്തപ്പെട്ടുകഴിഞ്ഞത അയലത്തുകാർ അലോസരമറിയാകാതെ ഉറക്കം തുടരുന്നുമുണ്ടാകും.
              പെൻഷൻ പറ്റിയവർ എഴുത്തുകാരായി തുടരരുതെന്ന ഉപദേശം, കേൾവിക്കാരായി മറ്റാരും ഇല്ലാത്തതിനാൽ, ഞാൻ എന്നോടുതന്നെ പറഞ്ഞിട്ട് വിഷയത്തിലേക്ക് വരികയാണ്. ഒന്നുകൂടി പറയാം. ഈ ജനുസ്സിൽപെട്ട  ആർക്കെങ്കിലും എഴുത്തുകാരായി തുടരണമെന്നുണ്ടെങ്കിൽ വല്ല ചാനലുകൾക്കും സീരിയൽ എഴുതുക.അല്ലെങ്കിൽ മിമിക്രിക്കാർക്കുവേണ്ടി തെറിക്കഥ. പല നല്ല എഴുത്തുകാരും മൌനത്തിലായത് അങ്ങനെയാവാം.
               " രണ്ടും കൂടി പതിവു പരിപാടി തുടങ്ങിയോ" എന്ന ചോദ്യവുമായാണ് വിമൽ വന്നത്.രണ്ടുംകൂടി എന്ന് പറയുമ്പൊഴും അവനറിയാം ഒരു തലപ്പിൽനിന്നു മാത്രമേ  ഒച്ചയുയരൂ എന്ന്. 369/ 11 സർവ്വേ സബ് ഡിവിഷനിൽ  മാത്രം ജ്വലിക്കുന്ന ഒരു നാദമല്ലേയെന്നു സമാധാനിച്ചു  തുടങ്ങിയിട്ട് വർഷം   പത്തുമുപ്പതായി. അതുകൊണ്ടുതന്നെ അടുക്കളയിലും മുറ്റത്തുമായി ചിതറിത്തെറിക്കുന്ന ശബ്ദത്തെ പതിവുപോലെ കേട്ടില്ലെന്നു തീരുമാനിച്ച് ഞാൻ മകനോട് സംസാരിച്ചു.
               : "നിനക്ക് വിവരവും വിദ്യാഭ്യാസവും ഉള്ളതല്ലേ. ഞാനീയെഴുതിയത് നിനക്ക് മനസ്സിലാകും."
                പതിവുപോലെ അവന്റെ മുഖത്ത് നിസ്സംഗത പരന്നെങ്കിലും മുന്നിൽ കിട്ടിയ കേൾവിക്കാരനെ വിട്ടുകളയുന്ന മണ്ടത്തരം ഞാൻ ചെയ്തില്ല.എന്റെ എല്ലാ രചനകൾക്കും ഒരു ആദ്യ കേൾവിക്കാരൻ ഉണ്ടായിരുന്നു.അനിരുദ്ധൻ. ഓട്ടോ ഓടിക്കലാണ് പണി.പാട്ടും കവിതയും ഏറെ ഇഷ്ടമാണ്. വായനയിൽ താൽപ്പര്യമില്ലാത്തതിനാൽ വായിച്ചുകേൾപ്പിക്കയാണ് പതിവ്.ആ നിലയിൽ അല്പം ചെലവു വരുമെന്നെയുള്ളു. ഒരു പൈന്റും ഒരു കവർ അരശൻ ബീഡിയും.ടൌണിൽ ഇതിനായി ഒരു മുറിയെടുക്കുകയാവും ആദ്യ ചടങ്ങ്.അനിരുദ്ധനെ ബീവറേജിലേക്ക് പറഞ്ഞുവിട്ടിട്ട്  വെള്ളവും ടച്ചിംഗ്സും വാങ്ങി മുറിയിലെത്തുമ്പൊഴേക്കും ആള് മടങ്ങി വന്നിരിക്കും. വാങ്ങുമ്പോൾ തന്നെ തൊട്ടടുത്ത പെട്ടിക്കടയിൽ വച്ച് പകുതി കഴിക്കുന്ന ശീലമുള്ളതിനാൽ വരുമ്പോൾ പാതി  മയക്കത്തിന്റെ  വാക്കിലായിരിക്കും.  വായന തുടങ്ങുമ്പോൾ ഉഗ്രൻ മനോഹരം എന്നൊക്കെ പറയുമെങ്കിലും പയ്യെപ്പയ്യെ അതൊരു കൂർക്കംവലിയിൽ എത്തിച്ചേരും.അതുകൊണ്ടുതന്നെ ഈ അടുത്ത് ആദ്യ കേൾവിക്കാരൻ പദവി ഞാനായിട്ട് പിൻവലിച്ചു  .ഇപ്പോൾ മകനെയോ മകളെയോ ആ പദവിയിലേക്ക് ഉയർത്തുകയാണ് പതിവ്.
   "ഇക്കുറി പാട്ടും കവിതയുമൊന്നുമല്ല,ലോകത്തെമാറ്റിമറിച്ചൊരു  
കണ്ടുപിടുത്തത്തെ വിശദമാക്കുന്നൊരു പഠനമാണ് ഞാൻ എഴുതിയത്. "
"കണ്ടുപിടുത്തമോ "
"അതെ.കണ്ടുപിടുത്തം.DISCOVERY  "  
വിമൽ പതിവിനു വിപരീതമായി താല്പര്യം കാട്ടിത്തുടങ്ങിയത് തെല്ലൊന്നുമല്ല വിസ്മയിപ്പിച്ചത്.കിട്ടിയ പഴുതിലൂടെ ഞാൻ പിടിച്ചുകയറി.
"മാനവരാശിയെ ആകെ മാറ്റിമറിച്ച കണ്ടുപിടുത്തങ്ങൾ എന്ന് നമ്മൾ കൊട്ടിഘോഷിച്ചവ പലതും കണ്ടുപിടുത്തങ്ങളേയല്ല ."
" അതിരാവിലെ എന്നെ പിടിച്ചിരുത്തി മണ്ടത്തരം വിളമ്പാനാണ് അച്ഛന്റെ പ്ലാനെങ്കിൽ പ്ലീസ് എന്നെ വിട്ടേക്കണം.ഉറക്കം ശരിയായില്ല. കണ്ണൂരിൽ നിന്നു ലഗ്ഗേജ് കാരിയറിലെങ്കിലും ഇരിക്കാമെന്നു കരുതിയതാ തൃശ്ശൂരെത്തിയപ്പോഴാ ഒന്നിരിക്കാനായത്. വന്നു കയറിയ ഉടനെ.....
ഇങ്ങനെ ഒരു പ്രതികരണം അവൻ ആദ്യം കാട്ടിയ താല്പര്യത്തെ കെടുത്തുന്നോ എന്ന് ആശങ്കപ്പെട്ടെങ്കിലും ഞാൻ നിരാശനായില്ല.  
" വസ്തുത മനസ്സിലാകുമ്പോൾ നിൻറെ അഭിപ്രായം മാറും.ആമുഖമില്ലാതെ കാര്യത്തിലേക്ക് വരാം. Discovery യും Invention ഉം രണ്ടാണ്. നമ്മൾ കണ്ടുപിടുത്തം എന്ന് പൊതുവെ പറഞ്ഞുകളയും. Invention  ശരിക്കും സൃഷ്ടി ആണ്. അതിനാൽ നാളിതുവരെ രേഖപ്പെടുത്തപ്പെട്ട കണ്ടുപിടുത്തങ്ങളുടെ ലിസ്റ്റ് ഞാൻ ഒന്നു തിരുത്തി"
             എന്തായാലും ഇന്നത്തെ ദിവസം പോക്കാ, വന്നുപെട്ടില്ലേ കുറേനേരം ഇരുന്നുകൊടുക്കാം എന്ന ചിന്തയിലാണ് വിമലെന്ന് അവന്റെ ശരീര ഭാഷ പറഞ്ഞു. ആരെയെങ്കിലും കേൾപ്പിച്ചില്ലെങ്കിൽ വട്ടുപിടിക്കും എന്ന പരുവത്തിലായ ഞാൻ അതിനാൽ അവന്റെ മുഖത്തു നോക്കാതെയാണ് തുടർന്നത്.
"കണ്ടുപിടുത്തങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയെ മാത്രം ഉൾപ്പെടുത്തിയ ലിസ്റ്റ്. ശാസ്ത്രനേട്ടങ്ങളെ ശരിരീതിയിൽ വിലയിരുത്തുന്ന ഏതൊരാളും തയ്യാറാക്കുന്ന ലിസ്റ്റിലും ഇതേ പേരുകൾ കണ്ടേക്കാം. കാരണം മനുഷ്യ പുരോഗതിയെ സ്വാധീനിച്ച കണ്ടുപിടുത്തങ്ങൾ ഏതൊക്കെയെന്നുള്ള സാമാന്യ ജ്ഞാനം പൊതുവേയുണ്ടല്ലോ"
വിമലിന്റെ കണ്ണുകൾ താനേയടഞ്ഞതും മുറിയുടെ വാതിലിൽ ഉച്ചസ്ഥായിയിലെ പെണ്‍നാദം പൊട്ടിച്ചിതറിയതും ഒരേ സമയം. 
    " ചെക്കാ,നീ കിടന്നുറങ്ങാൻ നോക്ക്, ഇങ്ങേർക്ക് വട്ടാ..."
വിമൽ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു. നീട്ടിയുള്ള ഒരു കൊട്ടുവായിടീലിന്റെ തുടർച്ചയിൽ അമ്മയ്ക്കുപിന്നാലെ  പോവുകയും ചെയ്തു.കിട്ടിയ ഒരാസ്വാദകൻ കൈവിട്ട വിഷമമല്ല മുന്നിൽ  നിന്നത്. കാര്യകാരണങ്ങളില്ലാതെ നിരന്തരം ശാസിക്കാനായി 32 വർഷം മുമ്പ് ഒരാളെ ചുമതലപ്പെടുത്താനെടുത്ത   തീരുമാനം  ആത്മഹത്യാപരം എന്ന് ഉറപ്പിക്കുകയായിരുന്നൂ ഞാൻ.

     എന്നെ പരാജയപ്പെടുത്താൻ ഇനി ആരെയും അനുവദിക്കില്ല എന്ന  ധീരമായൊരു നിലപാടിലേക്ക് പെട്ടെന്ന് ഞാൻ എത്തുകയും എന്റെ ആദ്യ കേൾവിക്കാരൻ ഞാൻ തന്നെയെന്ന്  ഉറപ്പിക്കുകയും ചെയ്തു. എഴുതിത്തയ്യാറാക്കിയ പ്രബന്ധം ഒച്ചയില്ലാതെ വായിച്ചും തുടങ്ങി. 
   ഒറ്റയടിക്ക് രണ്ടു നേട്ടങ്ങളാണ് ഈ നിലപാടുകൊണ്ട് ഉണ്ടാവുന്നതെന്ന ആഹ്ലാദത്തിലുമായി ഞാൻ.പാരിതോഷികങ്ങൾ നല്കി ഒന്നാം കേൾ വിക്കാരനെ കണ്ടെത്തേണ്ട ഗതികേടിൽനിന്നുള്ള മുക്തി. നിസ്സംഗതയിലോ പാതി മയക്കത്തിലോ ആയിപ്പോകുന്ന ആസ്വാദകന്റെ മുഖത്ത് വായനയ്ക്കിടെ നോക്കുമ്പോൾ അനുഭവിക്കുന്ന മനോവിഷമം ഇനിയില്ല എന്ന സന്തോഷവും. ഞാൻ എന്നെ വായിച്ചു കേൾപ്പിച്ചു തുടങ്ങി. 

" തയ്യാറാക്കിയ ലിസ്റ്റിൽ ആദ്യം കുറിച്ച പേരുകളിലൊന്ന് എഞ്ചിൻ എന്നാണ് . ആവിയിൽ തുടങ്ങി മണ്ണെണ്ണ, പെട്രോൾ , ഡീസൽ, വൈദ്യുതി,ഗ്യാസ്സ്,സൌരോർജ്ജം( ഇപ്പോൾ ആ വാക്കിൽ അശ്ലീലം മണക്കുന്നെങ്കിലും വേറെ വാക്കില്ലാതതിനാൽ പറഞ്ഞു പോകുകയാണ്) തുടങ്ങി ഏത് ഇന്ധനത്തിലും ഓടുന്നത്. പിന്നെ പ്രിന്റിംഗ് പ്രസ്സ്. എന്റെയീ പ്രബന്ധംപോലും അച്ചടി മഷി പുരളുമെങ്കിൽ അതിനു കാരണമാകുന്നത്.  റേഡിയോ, വിമാനം ( ഞാനിതുവരെ കയറുകയോ, വളരെയടുത്ത് കാണുകയോ ചെയ്തില്ലെങ്കിലും പൊതു വിശ്വാസത്തെ മുൻ നിർത്തി മികച്ചവയുടെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നു.) കലപ്പ, ടെലിഫോണ്‍, സിമന്റ്, കമ്പ്യൂട്ടർ ഇങ്ങനെ പോകുന്നു ഞാൻ ഉടച്ചുവാർത്ത ലിസ്റ്റ്."


    : കണ്ടുപിടുത്തങ്ങളും സർഗ്ഗ സൃഷ്ടികളും രണ്ടാണ്. ഉദാഹരണത്തിന് ന്യൂക്ലിയർ എനർജിയെപ്പറ്റി പറയാം. ആറ്റത്തെ വിഭജിക്കൽ ഒരു സർഗ്ഗക്രിയയായിരുന്നു.അത് ബോംബായി വീണ്ടും മാറിയപ്പോൾ മറ്റൊരു സർഗ്ഗസൃഷ്ടിയായി.വൈദ്യുതിയെപ്പോലെയുംതീയെപ്പോലെയും ഉള്ളത്. കാട്ടുമരക്കമ്പുകൾ അമരത്തിയുരസിയാണത്രേ മനുഷ്യൻ ആദ്യം തീയുണ്ടാക്കിയത്. ശരിക്കും അതിന്റെ പേറ്റന്റ് മനുഷ്യനല്ല.പ്രകൃതിക്ക് തന്നെയാണെന്നും  കാട്ടുതീ കണ്ട ഏതോ ഒരാൾ അത് അനുകരിക്കുക മാത്രമാണ് ചെയ്തതെന്നും വാദമുണ്ടെങ്കിലും മനുഷ്യന്റെ വിപ്ലവാത്മക സർഗ്ഗക്രിയയായി തീയുല്പ്പാദനത്തെ   വിലയിരുത്തുന്നു. ടർബനുകൾ കറക്കി വെള്ളത്തിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിച്ചു തുടങ്ങിയ പ്രവൃത്തിയും സർഗ്ഗാത്മകതതന്നെ. ബോട്ടുകളുടെ പ്രോപ്പല്ലറുകൾ, വെടിയുണ്ടകൾ ഒക്കെ സർഗ്ഗക്രിയകളൂടെ വിജയമെന്നല്ലാതെ കണ്ടുപിടുത്തങ്ങളുടെ ഗണത്തിൽ പെടുന്നില്ല
       ഒന്ന് നിർത്തിയിട്ട് ഞാൻ പുറത്തേക്ക് ശ്രദ്ധിച്ചു.കൊടുങ്കാറ്റിനെ തുടർന്ന് നിശ്ശബ്ദത എന്നൊക്കെ സാഹിത്യത്തിൽ പറയാറുള്ളതുപോലെ എന്തോ ഒന്ന് ഇവിടെ എന്റെ എഴുത്തു മുറിയിലും വീടിനുള്ളിലാകമാനവും. മകൻ യാത്രാ ക്ഷീണം കൊണ്ട് ഉറക്കത്തിലേക്കും മീനാക്ഷി കാലം,തവി, പാത്രങ്ങൾ എന്നിവയോട് ഇടയ്ക്കിടെ നടത്താറുള്ള പിറുപിറുക്കലിലെക്കും കടന്നതാകാം കാരണം .അതുമല്ലെങ്കിൽ സമാധാനത്തോടെ സ്വന്തം രചന വായിക്കുന്ന എഴുത്തുകാരനും അതീവ താല്പ്പര്യത്തോടെ കേൾക്കുന്ന അനുവാചകനും ഒരാളാകുന്ന അപൂർവ്വതകളിൽ അപൂർവ്വത പകർന്ന സമാധാനത്തിൽ ഞാൻ മറ്റെല്ലാം മറന്നതുമാകാം. നുരഞ്ഞു തുളുമ്പുന്ന ആഹ്ലാദത്തോടെ ഞാൻ തുടർന്നുള്ളത് എന്നെ വായിച്ചു കേൾപ്പിക്കുകയാണ്. 
   " കണ്ടുപിടുത്തങ്ങളുടെ ശ്രേണിയിൽ ഇന്നേവരെ ആരും ഉൾപ്പെടുത്താത്ത ഒന്നിനെ ഞാൻ മുൻ നിരയിലേക്ക് കൊണ്ടുവരികയാണ്. നന്ദികെട്ട മനുഷ്യൻ മറവിയിലേക്ക് ഒതുക്കിയ മഹത്തായ കണ്ടുപിടുത്തം നടത്തിയ മനുഷ്യനോട് മുഴുവൻ മാനവരാശിക്കും വേണ്ടി ക്ഷമ ചോദിച്ചുകൊണ്ട് ഞാനിത് പരസ്യപ്പെടുത്തുന്നു.പരിഹസിച്ചു ചിരിക്കുകയും വിഡ്ഡിത്തമെന്നു പറഞ്ഞ് മറവിയിൽ തള്ളാൻ ശ്രമിക്കയുമരുത്. സമൂഹ നന്മയ്ക്കായി നിരന്തരം എഴുതുകയും ക്ഷേമ പ്രവൃത്തികളിൽ മുഴുകുകയും ചെയ്യുന്ന മഹത് വ്യക്തികളും അറിവിന്റെ വിശാലതകളിലേക്ക് കണ്ണുതുറപ്പിക്കുന്ന ഗുരുക്കന്മാരും ആരാധനാ പാത്രങ്ങളാകാത്ത നാടാണ് നമ്മുടെത്.ആദായ നികുതി വെട്ടിക്കുന്ന,പെണ്‍കാര്യങ്ങളിൽ അതീവ താല്പര്യമുള്ള, അശ്ലീല വാചകങ്ങളിലൂടെ കയ്യടി വാങ്ങുകയും ചെയ്യുന്ന സിനിമാക്കാരും ഖജനാവ് കൊള്ള ചെയ്യുന്ന രാഷ്ട്രീയക്കാരും ആരാധനാ പാത്രങ്ങളാകുന്ന നാട്ടിൽ പരിഹസിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ . പക്ഷെ എനിക്കിത് വെളിപ്പെടുത്തിയേ പറ്റൂ. 
                   വായന ഒന്നു നിർത്തിയിട്ട് കസേരയിൽനിന്നും എഴുന്നേറ്റ് വാതിലോളം ചെന്ന് മീനാക്ഷി തൊട്ടടുത്തെങ്ങും ഇല്ലെന്നുറപ്പാക്കിയശേഷമാണ് ഞാൻ പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ചുവച്ച സിഗരറ്റും തീപ്പെട്ടിയും പുറത്തെടുത്തത്. ഈ അടുത്ത കാലത്തായി എന്റെ ആരോഗ്യ കാര്യങ്ങളിൽ അവൾ അതീവ ശ്രദ്ധാലുവാണ്. വല്ല മാറാരോഗവും വന്നാൽ അതിനും വിറ്റുതുലയ്ക്കാൻ ഭൂസ്വത്തൊന്നും  സമ്പാദിച്ചു കൂട്ടിയിട്ടില്ലല്ലോ എന്നൊരു പല്ലവിയാണ് ഈ വിഷയത്തിൽ നിരന്തരം മുഴക്കമാവുന്നത്. ഇപ്പോൾ വലി ഒഴിവാക്കാമായിരുന്നു.പക്ഷെ,പ്രബന്ധത്തിന്റെ കാതലായ ഭാഗം വായിക്കുമ്പോൾ കേൾവിക്കാരന്റെ കണ്ണുകളിൽ വിരിയുന്ന അത്ഭുതം കാണാൻ പറ്റില്ലല്ലോ എന്നാ വിഷമമാകാം , അല്ലെങ്കിൽ ലോകത്തെയാകെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന ആകാംക്ഷ. കാരണമെന്തായാലും സിഗരറ്റു കൊളുത്തി രണ്ടു പുക ശക്തിയോടെ അകത്തേക്കു വലിച്ചുവിട്ടിട്ട് ഞാൻ വായന തുടർന്ന്.
    "ചവറ്റുകുട്ട എന്നാണ് കണ്ടുപിടിക്കപ്പെട്ട ആ വിശിഷ്ട വസ്തുവിന്റെ പേര്. ഏതു നൂറ്റാണ്ടിൽ ഏതു ദേശത്ത് ഏതു വ്യക്തി കണ്ടുപിടിച്ചതെന്ന് അറിയാനായി കിട്ടാവുന്ന പുസ്തകങ്ങളിലൊക്കെ പരതി നോക്കിയതാണ്. മനുഷ്യന്റെ നിലനില്പ്പുതന്നെ അപകടപ്പെട്ടേക്കാം എന്നു വിശ്വസിച്ച ഏതോ മനുഷ്യസ്നേഹിയെന്നേ  എനിക്ക് അതിനെക്കുറിച്ച് പറയാനാകൂ. ചവറ്റുകുട്ടയുടെ കണ്ടുപിടുത്തം മുതലാണ്‌ ലോകത്ത് വൃത്തിയും വെടിപ്പുമുണ്ടായത്.  ഇല,മരം,മണ്ണ്, കടലാസ്സ് , ഇരുമ്പ്, കമ്പി,ചണം,തുണി, പ്ലാസ്റ്റിക്, തുടങ്ങി പലതരം അസംസ്കൃത വസ്തുക്കൾകൊണ്ടു നിർമ്മിക്കാവുന്നതാണെന്ന് അത്ഭുതപ്പെടുമ്പോഴാണ് ചവറ്റുകുട്ടയെ   നാനാത്വത്തിൽ ഏകത്വം എന്നൊക്കെ വിശേഷിപ്പിക്കാനാവുന്നത്. കേമൻ കണ്ടുപിടുത്തങ്ങളെന്നു നമ്മൾ വീമ്പിളക്കുന്നവ പലതും കണ്ടുപിടിച്ചിരുന്നില്ലെങ്കിലും മനുഷ്യ വംശത്തിന് ഒരു ചുക്കും സംഭവിക്കില്ലായിരുന്നെന്നുകൂ ടി മനസ്സിലാകുമ്പൊഴാണ് ചവറ്റുകുട്ടയുടെ മഹത്വം വെളിപ്പെടുന്നത്."
           രണ്ടു കാരണങ്ങളാൽ ഞാൻ കോരിത്തരിപ്പിലായി.ഒന്ന് മുഴുവൻ ലോകത്തിന്റേയും ഇന്നോളമുള്ള ധാരണകളെ മാറ്റിമറിക്കുന്ന ഒരു കണ്ടെത്തൽ ആയാസരഹിതമായി അവതരിപ്പിച്ച എഴുത്തുകാരന്റെ നിർവൃതി .രണ്ട്,ജീവിതത്തിന്റെ ഒരു ഘട്ടത്തിൽപ്പോലും അനിവാര്യമെന്ന് തോന്നാതിരുന്ന ഒരു വസ്തു അതീവ പ്രാധാന്യമുള്ളതാണെന്ന പുതിയ അറിവ് നേടിയ കേൾവിക്കാരന്റെ ആനന്ദം. രണ്ടും ഒരു വ്യക്തിയിൽ സമ്മേളിക്കുക എന്ന അനിതര സാധാരണമായ അനുഭവം.അതുകൊണ്ടുതന്നെ തുടർ വായന സന്തോഷപ്രദമായിരുന്നു.
      " ആവിയന്ത്രത്തെക്കുറിച്ചുതന്നെ പറഞ്ഞു തുടങ്ങാം.അത് കണ്ടുപിടിച്ചില്ലെന്നുവച്ച് മനുഷ്യകുലം കുറ്റിയറ്റുപോകുകയൊന്നുമില്ലായിരുന്നു. ഏതു പാതിരാത്രിയിലും എത്ര ദൂരത്തേക്കായാലും  ഏതു കയറ്റിറക്കങ്ങൾ താണ്ടിയും ലക്ഷ്യത്തിലെത്തിക്കാൻ കരുത്തുള്ള രണ്ടു കാലുകൾ മനുഷ്യന് സ്വന്തമായുണ്ട്. അതുകൊണ്ടുതന്നെ ആവിയന്ത്രം അവന് ഒരു അനാവശ്യ വസ്തുവാകുന്നു.ഇരതേടിയാണ്   ആദിമ മനുഷ്യൻ സഞ്ചരിച്ചു തുടങ്ങിയത് . കിലോമീറ്ററുകൾ അകലെയുള്ള ഊൾക്കാടുക്ളിൽ പോലും കടന്നു മൃഗങ്ങളെ വേട്ടയാടി അവയേയും ചുമന്ന് മടങ്ങിവന്നിരുന്ന അന്നാളുകളിൽ വാഹനം ഒരനാവശ്യം തന്നെയായി രുന്നു. ഇന്നാകട്ടെ അവനവന്റെ വീടുകളിൽ ഭക്ഷണം എത്തുന്ന കാലത്ത് മറിച്ചു പറഞ്ഞാൽ   ഇര നമ്മളെ തേടിവരുന്ന നാളുകളിൽ വാഹനം തീർത്തും അനാവശ്യം തന്നെ. അതിനാൽ തീര്ത്തും ഞാൻ പറയുന്നു.ആവിയന്ത്രം മനുഷ്യന് ഒരനാവശ്യ വസ്തുവാണ് .
          എല്ലാവരും ഇത്ര തിരക്കനുഭവിച്ചും തിരക്കഭിനയിച്ചും   എവിടേയ്ക്ക് പോകുന്നു എന്ന എന്റെ അന്വേഷണമാണ് എന്നെക്കൊണ്ട്‌ ഇത് പറയിപ്പിച്ചത്.  ആവിയന്ത്രത്തിന്റെ പരിഷ്കരിച്ച രൂപമായ തീവണ്ടിയിൽ ഞാൻ നടത്തിയ നിരീക്ഷണ യാത്രയിലെ കണ്ടെത്തലുകളാണ് തെളിവായി നിരത്തുന്നത്. 
    തിങ്ങിനിറഞ്ഞ പരശ്ശുറാം എക്സ്പ്രസ്സിൽ കരുനാഗപ്പള്ളിൽ നിന്നാണെന്റെ പഠനയാത്ര ആരംഭിച്ചത്. ഇരിപ്പിടത്തിനടുത്ത്  വന്നുപെട്ട ആറുപേരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.    .  ഇടതുവശത്തിരുന്ന വൃദ്ധനോടാണ് ഞാൻ ആദ്യം സംസാരിച്ചു തുടങ്ങിയത്. ആകെ പരവശനായ, പരമാവധി മുഷിഞ്ഞ വേഷം ധരിച്ച, കണ്ണുകളിൽ ദൈന്യത തിളങ്ങുന്ന ഒരാൾ. എവിടേയ്ക്കാണ് യാത്ര എന്ന എന്റെ ചോദ്യത്തിന് തളർന്ന ഒരു പുഞ്ചിരിയായിരുന്നു മറുപടി.  വാക്കാലൊരു മറുപടി ഞാൻ ആഗ്രഹിക്കുന്നു എന്ന് എന്റെ നോട്ടത്തിൽ നിന്നും മനസ്സിലാക്കിയിട്ടാകും അയാൾ പറഞ്ഞു തുടങ്ങി
         " എവിടെയ്ക്കാണെന്ന് തിട്ടമില്ലാത്തൊരു തീർത്ഥയാത്ര "
 "മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടാതാവുമ്പോൾ വീടൊഴിഞ്ഞു പോകുന്നതിന് എന്നെപ്പോലുള്ളവർ പറയുന്ന വാക്കാണ്‌ തീർത്ഥയാത്ര എന്നത്. ദൈവങ്ങളോടുപോലും വെറുപ്പുള്ള സമയത്തും ക്ഷേത്ര ദർശനത്തിനെന്നു കള്ളം  പറയും".
       എന്നെ വല്ലാതെ ഞെട്ടിച്ചു എന്ന് ആലങ്കാരികമായി പറയാം.പക്ഷെ,അത് വഞ്ചനയാണ്.മുതിർന്നവരോടുള്ള  പെരുമാറ്റങ്ങളുടെ കരൾപിളർക്കുന്ന കാഴ്ചകൾ കണ്ട എനിക്കുണ്ടോ ഞെട്ടലുണ്ടാകുന്നു.തീർച്ചയായും വൃദ്ധൻ ആഗ്രഹിച്ചതാവില്ല ഈ യാത്ര. കൈ വളരുന്നോ, കാൽ വളരുന്നോയെന്ന് നിമിഷം നിമിഷം നോക്കി, മുള്ളുകൊള്ളല്ലെയെന്നു  പ്രാർത്ഥിച്ചും  എല്ലുമുറിയെ പണിചെയ്തുമാവാം ഇദ്ദേഹവും മക്കളെ വളർത്തിയത്. ആവതില്ലാത്ത കാലത്ത് മക്കൾ ന്യായമായും സംരക്ഷിക്കേണ്ടതാണ്.അവശതയുടെ നാളുകളിലെ തീവണ്ടിയാത്ര ഒഴിവാകുകയും ചെയ്യും. മറിച്ചു പറഞ്ഞാൽ ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തം വൃദ്ധനെ സംബന്ധിച്ച് ഒരനാവശ്യം തന്നെയാകുമായിരുന്നു.
 വലതുവശത്തിരുന്ന ചെറുപ്പക്കാരനോട്‌ ലോഹ്യം കൂടിയത് പേരു ചോദിച്ചുകൊണ്ടാണ്. ഇത്തിരിപ്പോന്നൊരു യാത്രയിൽ കണ്ടുമുട്ടിയ ഒരാളിന്റെ പേര് അറിയുന്നതുകൊണ്ട് എനിക്കോ പറയുന്നതുകൊണ്ട് അയാൾക്കോ ഒരു ഗുണവുമില്ലെങ്കിലും ഞാൻ ചോദിക്കുകയും അയാൾ പറയുകയും ചെയ്തു.
"നിധീഷ്"
"എവിടേയ്ക്കാണ് യാത്ര ?"
"കോട്ടയത്തേക്കാ. അവിടാ ജോലി"
"എന്ത്  ജോലിയാ?
"പോലീസ്സിലാ"

  ശരിക്കും ഞെട്ടിയത് അപ്പോഴാണ്‌ . നിഷ്കളങ്കത  നിഴലിടുന്ന മുഖമുള്ള ഒരാൾ  പോലീസ്സിലോ, അപരിചിതനായ ഒരാളുടെ കാതിൽപോലും  മെല്ലെ പതിയും വാക്കുകൾ ഒരു പോലീസുകാരനിൽ നിന്നോ, നിലവാരമുള്ള ഒരു പുസ്തകത്തിൽ  അത്രനേരവും മിഴിപായിച്ചിരുന്ന ഇയ്യാൾ ഒരു പോലീസുകാരനോ ഇങ്ങനെയൊക്കെ ആശങ്കയിൽ പെട്ടിരുന്ന സമയത്താണ് അയാളുടെ മറുചോദ്യം.
" ചേട്ടനെങ്ങോട്ടാ?'
എന്തിന് കൂടുതൽ സംസാരിക്കണം.ഒരാളെ പഠിക്കാൻ ഒരു വാക്കോ,ഒരു നോട്ടമോ,ഒരു പുഞ്ചിരിയോ ധാരാളമാകുന്ന സന്ദർഭങ്ങളുണ്ട്. അത്തരം ഒരു സന്ദർഭമായതിനാലാണ് ഞാൻ പിന്നീട് ഒന്നും ചോദിച്ചില്ല.എന്റെ കണ്ടെത്തലിൽ ഉറയ്ക്കുകയായിരുന്നു.ഈ ചെറുപ്പക്കാരന്റേതും ഒരാനാവശ്യ യാത്രയാണ്. അധികാരികളുടെ മുഷ്ക്കോ ദ്രോഹചിന്തയോ, പിടിപ്പുകേടോ കാരണമാകാം ഇയ്യാളുടെ യാത്രയ്ക്ക് കാരണം. കോട്ടയത്തുള്ള പലരും കരുനാഗപ്പള്ളിലോ പരിസര സ്റ്റേഷനുകളിലോ  ജോലിനോക്കുന്നുണ്ടാകും.  അവരെ കോട്ടയത്ത്‌ നിലനിർത്താനായാൽ ഈ ചെറുപ്പക്കാരന്റെ രാവിലത്തെയും വൈകിട്ടത്തെയും തീവണ്ടിയാത്ര ഒഴിവായിപ്പോകും.വീട്ടിൽ നിന്നും റയിൽ വേസ്റ്റേഷനിലേക്ക് എത്തിച്ചേരാനും മറുവശത്തുള്ള സ്റ്റേഷനിൽനിന്നും ജോലിസ്ഥലത്തേക്കുള്ള ദൂരവും ഇതുവഴി വന്നുചേരുന്ന സമയ വ്യയവും സാമ്പത്തിക വ്യയവും ഒക്കെ കണക്കാക്കിയാൽ വിഷയത്തിന്റെ പ്രാധാന്യം ഏറും.നിധീഷിനും ആവിയെന്ത്രത്ത്തിന്റെ കണ്ടെത്തൽ നടന്നില്ലെങ്കിലും ജീവിച്ചുപോകാമായിരുന്നെന്നാണ് ഞാൻ പറഞ്ഞുവരുന്നത് .
                    ആവശ്യത്തിലധികം മേക്കപ്പിട്ട യുവതിയാണ് നേരേ എതിർവശത്ത് ജനാലയ്ക്കരികിൽ ഇരുന്നത്.  മുകളിലെ ബർത്തിലിരുന്ന ചെറുപ്പക്കാരുടെ കമന്റുകളിൽ നിന്നും അവരോടുള്ള അവളുടെ പ്രതികരണങ്ങളിൽ നിന്നും അവൾ എന്തിനു പോകുന്നൂ എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അവളുടെ കൊഞ്ചിക്കുഴഞ്ഞുള്ള നോട്ടങ്ങൾക്കും ഭാവപ്രകടനങ്ങൾക്കും അപ്പുറം എനിക്ക് വായിക്കാനായത് അവളുടെ കണ്ണുകളിലെ ദൈന്യതയും നിസ്സഹായതയുമാണ്. ദാരിദ്ര്യമാണ് അവളെ യാത്രചെയ്യിക്കുന്നതെന്ന് ഉറപ്പാണ്. ഉറ്റ ബന്ധുക്കളോ അയല്ക്കാരോ,സഹായ മനസ്സുള്ള മറ്റാരെങ്കിലുമോ കരുതിയിരുന്നെങ്കിൽ ഈ തീവണ്ടിയാത്രയിൽനിന്നും അവളും ഒഴിവാകുമായിരുന്നു.ഇതിനിടയിലും യുവതിയോട് ചേർന്നിരുന്ന സ്ത്രീയേയും പുരുഷനേയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഞാൻ. കയറിയതുമുതൽ അവർ തമ്മിൽ തമ്മിൽ നോക്കുകയോ സംസാരിക്കുകയോ ചെയ്യാതിരുന്നതുകൊണ്ടുതന്നെ ഭാര്യാ ഭർത്താക്കന്മാരാണെന്നു തോന്നി. ഏതോ കടുത്ത ദുഃഖം അവരെ ചൂഴ്ന്നു നില്ക്കുന്നുണ്ട്. എവിടേയ്ക്കാണ് രണ്ടുപേരും ഒന്നിച്ച് എന്ന എന്റെ ചോദ്യമാണ് അവരെ ചിന്തകളിൽനിന്നും പിന്തിരിപ്പിച്ചത്. പുരുഷൻ  ഒന്നുപരുങ്ങി.സ്ത്രീയാകട്ടെ പൊടുനന്നെ അടക്കിപ്പിടിച്ചതെല്ലാം പുറത്തേക്കൊഴുക്കുമ്പോലെ ഒരു പൊട്ടിക്കരച്ചിൽ. കമ്പാർട്ടുമെന്റിൽ ഉണ്ടായിരുന്നവരെല്ലാം ഓർക്കാപ്പുറത്തുള്ള പൊട്ടിക്കരച്ചിൽ കേട്ട് പരിഭ്രമിച്ചു.എന്തിന് വല്ലവരുടെയും കാര്യത്തിൽ തലയിടുന്നു എന്ന് ചിന്തിച്ചാവും പലരും അടുത്ത നിമിഷത്തിൽ അവനവനിലേക്കു മടങ്ങി.പുതിയ കാലം അങ്ങനെയാ.എന്നാലും ഒളിഞ്ഞുനൊട്ടത്തിന്റെ വകഭേദങ്ങളുമായി  അവർ നിലകൊണ്ടു.നമ്മുടെ പോലീസ്സുകാരൻ ഭർത്താവിനോട് സംസാരിച്ചു.
"എന്താ ചേട്ടാ സംഭവം, വേണ്ടപ്പെട്ടവരാരെങ്കിലും ..."
" ആരെങ്കിലുമല്ല, ഒരേയൊരു മകൻ."
"മകനെന്തുപറ്റി ?"
" കോട്ടയത്ത് സബ് ജയിലിലാ" അവിടെ ഏതോ ബാറിലെ അടിപിടി.സംഭവത്തിൽ ഒരുത്തന് കുത്തേറ്റത്രെ "
                സ്ത്രീയുടെ കരച്ചിൽ ഉച്ചത്തിലായി.വിക്കിവിക്കി പായാരം പറയുകയും ചെയ്തു.കോളജിൽ പഠിക്കുന്ന മകൻ തെറ്റായ കൂട്ടുകെട്ടിൽ പെട്ടത്രേ.ആവശ്യത്തിനും അനാവശ്യത്തിനും പണം കൊടുത്തു പ്രോത്സാഹിപ്പിച്ചതാണ് കുഴപ്പമായതെന്ന്, മകന്റെ പോക്ക് ശരിയല്ലെന്ന് പലതവണ സൂചിപ്പിച്ചിട്ടും അലംഭാവം കാട്ടിയ അച്ഛനാണ് കുറ്റക്കാരനെന്നും അവർ പറഞ്ഞുകൊണ്ടേയിരുന്നു. മുൻ  കാലങ്ങളിൽനിന്നും വ്യത്യസ്ഥമായി   അയവുവന്ന കുടുംബ ബന്ധങ്ങളെപ്പറ്റി വാചാലനായും ,കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന്  രക്ഷിതാക്കളെപ്പോലെതന്നെ സമൂഹത്തിനും ഉത്തരവാദിത്വ മുണ്ടെന്ന് സമർത്ഥിച്ചും  ഇവരുടെ യാത്രയും ഒഴിവാക്കാമായിരുന്നതെന്നു തെളിയിക്കാൻ എനിക്കാകും. ആ ഉത്തരവാദിത്വം വായനക്കാരന് തന്നുകൊണ്ട്, കായംകുളത്തുനിന്നും കയറിയതുമുതൽ മൊബൈൽ ഫോണിലൂടെ  നിർത്താതെ സംസാരിച്ചുകൊണ്ടിരുന്ന സ്ത്രീയെക്കുറിച്ച് പറയാമിനി. വളരെ ഉച്ചത്തിലായിരുന്നു അവർ സംസാരിച്ചത്. ഫ്രിഡ്ജിലിരിക്കുന്ന ചിക്കൻ കറി  മൈക്രോവേവിൽ ചൂടാക്കി വേണം ചേട്ടൻ വരുമ്പോൾ ചോറു കൊടുക്കാനെന്ന്, വാഷിംഗ് മെഷീനിൽ കിടക്കുന്ന തുണികളെടുത്തു വിരിക്കണമെന്ന്, പകുതി പാലെടുത്ത് ചായയിട്ടിട്ട് ബാക്കി ഭദ്രമായി അടച്ചു ഫ്രിഡ്ജിൽ വയ്ക്കണമെന്ന്, പലചരക്കുകടയിൽ നിന്നും എഴുതിത്തന്ന ലിസ്റ്റ് പ്രകാരം സാധനം വാങ്ങിക്കാൻ കാറെടുത്ത് പോകണമെന്നും വേറെയെങ്ങും ചുറ്റിക്കറങ്ങാൻ ഡ്രൈവറെ വിടരുതെന്നും ഒക്കെയായിരുന്നു അവളുടെ സംസാരം.എന്തായാലും വളരെ അകലെയെങ്ങോ ആവും ഈ സ്ത്രീയും ജോലി നോക്കുന്നത് . കായംകുളത്തുതന്നെ സമാനജോലി കിട്ടിയിരുന്നെങ്കിൽ അവൾക്കും   ഈ യാത്രയുടെ ആവശ്യം വരില്ല.  ആവിയന്ത്രം കണ്ടെത്തിയില്ലെങ്കിൽ മനുഷ്യജന്മം നിലച്ചുപോകുമായിരുന്നെന്ന്  ഇനിയും വിശ്വസിക്കുന്നവരോട് എനിക്ക് വാശിയില്ല. പക്ഷെ സഹതാപമുണ്ട് 

       ഞാൻ എന്നെ വായിച്ചുകേൾപ്പിക്കുന്നതിലെ പരിമിതിയെക്കുറിച്ചുള്ള ചിന്ത പൊടുന്നനവേ വായന മുറിച്ചു. കേൾവിക്കാരന്റെ അവകാശത്തെ സംബന്ധിച്ചുള്ളതാണ് അതിലൊന്ന്.അനിരുദ്ധനെപ്പോലെ വായനയുടെ ഒരു ഘട്ടത്തിൽ കൂർക്കംവലിയോടെ ഉറക്കത്തിലേക്ക് കടക്കാനുള്ള അവകാശം.വിമലിനെപ്പോലെ വീണുകിട്ടുന്ന ആദ്യ മുഹൂർത്തത്തിൽ കേൾവി നിറുത്തിപ്പോകാനുള്ള സ്വാതന്ത്ര്യം.കേൾവിക്കാരനിൽ നിന്നും ഉയർന്നെക്കാവുന്ന വിയോജിപ്പുകളും നിർദ്ദേശങ്ങളും  അറിഞ്ഞ് പ്രബന്ധത്തെ കുറ്റമറ്റതാക്കാനുള്ള  അവസരം നഷ്ടമാകുന്നതും ആശങ്കയുണർത്തി. അൽപ്പനെരത്തെ ഇടവേളയ്ക്കുശേഷം ഞാൻ വായിച്ചു കേൾപ്പിക്കൽ തുടർന്നു.
  " റേഡിയോയും ടെലിവിഷനും കണ്ടെത്തിയിരുന്നില്ലെങ്കിലും മനുഷ്യകുലം    കുറ്റിയറ്റു പോവില്ലായിരുന്നു.നെറ്റിചുളിക്കേണ്ടാ. വികസന വിരോധിയായി മുദ്രകുത്തുകയും വേണ്ടാ. സത്യം കയ്പ്പേറിതാണെങ്കിലും  അംഗീകരിച്ചേമതിയാവൂ.വാർത്തകൾ അറിയണമെന്നു ള്ളത്   ഏത് പരിഷ്കൃത സമൂഹത്തിന്റെയും  മുന്നോട്ടുള്ള  പോക്കിന് ആവശ്യമാണെന്ന് നിങ്ങളെപ്പോലെ വിശ്വസിച്ചിരുന്നവനാണ് ഞാനും. പക്ഷെ ഇപ്പോൾ എനിക്കറിയാം വാർത്തകൾ സത്യസന്ധമായി അവതരിപ്പിക്കുന്ന പഴഞ്ചൻ രീതി പ്രചാരത്തിലില്ലെന്ന്. പത്രമുതലാളിമാരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വാർത്തകൾ നിർമ്മിക്കപ്പെടുകയാണ്. അഴിമതിക്കഥകൾ, പീഡനകഥകൾ, ഉള്ളിതോലിപ്പൻ പ്രസംഗങ്ങൾ എന്നിവ അറിഞ്ഞില്ലെന്നു കരുതി ഇവിടെ ആര്ക്കും ഒന്നും സംഭവിക്കില്ല.പാരഡിപ്പാട്ടുകളും കണ്ണീർ സീരിയലുകളും റിയാലിറ്റി ഷോകളും അല്പ്പവസ്ത്രധാരികളുടെ അഴിഞ്ഞാട്ടങ്ങളും തെറിക്കോമഡികളും രാഷ്ട്രീയ നപുംസകങ്ങളുടെ ചാനൽ ചർച്ചകളും ഇല്ലെന്നുകരുതി സമൂഹം നിശ്ചലമാവില്ല. നാളിതുവരെ മനുഷ്യൻ ആർജ്ജിച്ച അറിവുകളേയും സാംസ്കാരിക നന്മകളെയും മത സഹിഷ്ണതയേയും ഒക്കെ പിന്നോട്ടടിക്കുന്ന വിനാശ മാരണങ്ങൾ കണ്ടെത്തിയിരുന്നില്ലയെങ്കിൽ സമൂഹത്തിൽ നല്ലതുകളുടെ പ്രവാഹമുണ്ടാകുമായിരുന്നു  എന്നുപോലും ഞാനിപ്പോൾ ചിന്തിക്കുന്നു.
       മനുഷ്യന്റെ നിലനില്പ്പിന് ഏറ്റവും ഗുണകരമായിത്തീർന്ന ചവറ്റുകുട്ടയുടെ മാഹാത്മ്യം വിവരിക്കാൻ വേണ്ടിയാണ് പശ്ചാത്തലമായി ഇത്രയും പറഞ്ഞത്. ചവറ്റുകുട്ട ഏറ്റവും ഉപകാരപ്പെട്ടത് കുടുംബിനികൾക്കാണ്.മത്സ്യ മാംസാവശിഷ്ടങ്ങൾ, പച്ചക്കറിയരിഞ്ഞതിന്റെ മിച്ചം,പാഴായ ഭക്ഷണം, ഒക്കെ പ്ലാസ്റിക് കവറിലാക്കി ആരാന്റെ പറമ്പിലേക്കോ, പൊതുവഴിയിലേക്കോ എറിയാൻ പാകമാക്കി പ്രഭാത നടത്തയ്ക്ക് പോകുന്ന ഭർത്താക്കന്മാരെ ഏൽപ്പിക്കുംവരെ അവ സൂക്ഷിക്കുന്നത്ചവറ്റുകുട്ടയിലാണ് 
 .നമ്മളെപ്പോലെ മറ്റുള്ളവരും എന്ന് ചിന്തിക്കുന്ന അപൂർവ്വം കുടുംബങ്ങൾ ഒന്നിൽ കൂടുതൽ ചവറ്റുകുട്ടകൾ ഉപയോഗിച്ച് ജൈവ മാലിന്യങ്ങൾ,പ്ലാസ്റ്റിക് മാലിന്യങ്ങൾ ദ്രവമാലിന്യങ്ങൾ എന്നിങ്ങനെ  ശേഖരിക്കുകയും സംസ്കരിച്ച് പച്ചക്കറികൃഷിക്കും  മറ്റും ഉപയൊഗപ്പെടുത്താറുമുണ്ട്. വൃത്തി ,സമാധാനം,സന്തോഷം,ആരോഗ്യം, ഒക്കെ പ്രദാനം ചെയ്യുന്ന ചവറ്റുകുട്ടയുടെ  കണ്ടുപിടുത്തം നടന്നിരുന്നില്ലെങ്കിൽ നാറ്റം കൊണ്ട് വലഞ്ഞുപോകുമായിരുന്നു ജനം. 
   
    എഴുത്തുകാരുടെ ജീവിതത്തെ ഏറെ തുണയ്ക്കുന്നതാണ് ചവറ്റുകുട്ടകൾ. പല  തവണ  മാറ്റിയെഴുതുമ്പോഴാണ്  ഒരു രചന വായനായോഗ്യമാവുക. കീറിയും ചുരുട്ടിയും ഉപേക്ഷിക്കപ്പെടുന്ന കടലാസ്സുകൾ ശേഖരിക്കാൻ ചവറ്റുകുട്ടയില്ലെങ്കിൽ എഴുത്തുമുറിയിൽ നിന്നുതിരിയാൻ ഇടം കിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ കടലാസ്സിനേക്കാൾ , പേനയേക്കാൾ മഷിയേക്കാൾ  ഏറെ കടപ്പെട്ടിരിക്കുന്നത് ചവറ്റുകുട്ടകളോടാണ്.  എന്നാൽ അപൂർവ്വം അവസരങ്ങളിൽ ചവറ്റുകുട്ടകളെ   വെറുക്കാറുണ്ട്. അത് ആനുകാലികങ്ങളിൽ സൂക്ഷിക്കുന്ന ചവറ്റുകുട്ടകളെയാണ്. പ്രതീക്ഷകളെ കെടുത്തുന്ന ചവറ്റുകുട്ടകൾ അവിടങ്ങളിൽ മാത്രമേയുള്ളൂ. 
    ജയിലുകളെ  ചവറ്റുകുട്ടകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താമോ എന്ന് ആശങ്ക. ചതിയിൽപെട്ടോ തെളിവുകൾ എതിരുനിന്നതിനാലോ ചില മലിനപ്പെടാത്ത മനുഷ്യരെ അവിടേയ്ക്ക് വലിച്ചെറിയാറുണ്ട്.  ന്യായമായ സമരങ്ങളുടെ പേരിലും ചിലർ പെട്ടുപോകാറുണ്ട്. ഓരോ ചുവന്നതെരുവും ഓരോ ചവറ്റുകുട്ട എന്ന് ആദ്യം തോന്നിയെങ്കിലും മലിനപ്പെട്ടവർ പുറത്തും നിഷ്കളങ്കരും വിശുദ്ധരും അകത്തും ആയതിനാൽ അവയെയും  ഒഴിവാക്കുന്നു. വൃദ്ധസദനങ്ങളും ചവറ്റുകുട്ടകളായി തോന്നുമെങ്കിലും ഞാൻ ഒഴിവാക്കി.അറിവും അവശതയും കണ്ണീരും കൂടിക്കുഴയുന്ന ഇടത്ത്  സ്നേഹവും സാന്ത്വനവുമൊക്കെ ഒഴുകിപ്പരക്കാറുണ്ട് . കരളുനോവുന്നവർക്ക് വേണമെങ്കിൽ വലിച്ചെറിയപ്പെട്ടവയെ  വീണ്ടെടുക്കാൻ അവസരവുമുണ്ട്.
                  ഉല്പാദനത്തിന് അടിത്തറയായ അസംസ്കൃത വസ്തു ഏതെന്നു വ്യക്തമാകാത്തതും ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിപ്പമുള്ളതും അദൃശ്യങ്ങളുമായ ചവറ്റുകുട്ടകളെക്കുറിച്ചാണ് ഇനി പറയാനുള്ളത്. ഓരോ മനുഷ്യനും സ്വന്തമായുള്ള ചവറ്റുകുട്ടയിൽ തിരിച്ചറിവിന്റെ ഒന്നാം മുഹൂർത്തം മുതൽ വസ്തുക്കള വന്നുവീഴും. വീഴുന്നവയിൽ തൊണ്ണൂറ്റിയൊൻപതു ശതമാനവും മാലിന്യങ്ങളാകുന്ന പുതുകാലത്ത്  നിറഞ്ഞു കവിയുകയാണ് മനസ്സെന്ന ചവറ്റുകുട്ട. ജാതിമതാധിഷ്ടിത മാലിന്യങ്ങൾ, വിഷരാഷ്ട്രീയ മാലിന്യങ്ങൾ,കലാവൈകൃത മാലിന്യങ്ങൾ ഇടതടവില്ലാതെ ഒഴുകി നിറയുന്നു. രോഗങ്ങളായി,വിഭ്രാന്തികളായിക്രൂരതകളായി , ജുഗൂപ്സാവഹ പ്രവൃത്തികളായി സ്നേഹ നിഷേധങ്ങളായി  മാലിന്യങ്ങൾ സർവ്വരേയും മനുഷ്യരല്ലാതാക്കുന്ന ദുഷിച്ച കാലത്ത് ചവറ്റുകുട്ടകൾ കാലിയാക്കുന്നതെങ്ങനെയെന്ന് ആശങ്കപ്പെടുകയാണ് ഞാൻ.

           എഴുത്തുകാരനും കേൾവിക്കാരനും ഒരേപോലെ തൃപ്തി പകർന്ന വായന അവസാനിച്ചപ്പോഴാണ് തൊട്ടടുത്തുനിന്നും അസാമാന്യ ശബ്ദത്തിൽ ഒരു പൊട്ടിച്ചിരി ഉയർന്നത്. പരിഭ്രമത്തോടെ ഞാൻ ചുറ്റും നോക്കി.എഴുത്തുമേശയ്ക്കരികിലെ ചവറ്റുകുട്ടയല്ലാതെ   മറ്റൊരു ജൈവവസ്തുവും ഇവിടെയില്ല.

No comments:

Post a Comment