Saturday 30 November 2013

കുട്ടിപ്പാട്ട്
...
മഴ മടങ്ങാൻ ശപിക്കല്ലെ  ദൈവേ
എരികനൽത്തീ എറിയല്ലെ ദൈവേ
കര കരിച്ച് മുടിക്കല്ലെ ദൈവേ
കടല് ചുട്ടു രസിക്കല്ലെ ദൈവേ
                             (മഴ മടങ്ങാൻ
.
അറുതിയില്ലാത്ത വറുതിക്കു കാത്ത്
അണ്ടനടകോടൻ ചാവാൻ കൊതിച്ച്
താന്തോന്നിത്തം പെരുകുന്ന കണ്ട്
കുലമെരിക്കാൻ തുനിയല്ലേ ദൈവേ
                            (  (മഴ മടങ്ങാൻ
.
ചങ്കും കൂമ്പും കരിഞ്ഞ് കിടാങ്ങൾ
ചത്തുവീഴും പുഴുക്കളാണിന്ന്
വായ്ക്കരിക്കരി തേടേണ്ട കാലം
വാതിൽ തല്ലിപ്പൊളിക്കുന്നു  ദൈവേ
                                   (മഴ മടങ്ങാൻ

മറ്റു പെണ്ണിന്നുടല് മോഹിച്ച്
ഇഷ്ട ഭാര്യയേം മക്കളേം കൊല്ലും
കശ്മലന്മാർ പെരുകുന്ന കണ്ട്
മനമുരുകി കരയല്ലെ ദൈവേ
                                    (മഴ മടങ്ങാൻ
.
പെറ്റകുഞ്ഞിൻ കഴുത്തറുത്തിട്ട്
കള്ളക്കാമുകനൊപ്പം പൊറുക്കാൻ
കരളുറപ്പുള്ള പെണ്ണിനെ കണ്ട്
കരളു നോവുന്ന ദൈവമേ മാപ്പ്
                               (മഴ മടങ്ങാൻ
.
വഴിപെഴച്ചോരു വാഴുന്നെടത്ത്
നെലവിളിച്ചെത്തമേറുന്ന  നാട്ടിൽ
ഇരുളുകൊണ്ടോട്ടയടയുന്ന കണ്ട്
മനമുരുകി വെറുക്കല്ലെ ദൈവേ
                            (മഴ മടങ്ങാൻ
.
മണ്ണ്കത്താത്ത  നാളിങ്ങുവരുവാൻ
കരളിൽ  നനവ് നെറയ്ക്കെന്റെ   ദൈവേ
നെഞ്ചാറയിലറിവൊള്ള മക്കൾ
മാത്രമിങ്ങ് നെറയട്ടെ  ദൈവേ
                             (മഴ മടങ്ങാൻ  

Wednesday 27 November 2013

ഉത്തമ പൗരൻ
**********
തീർത്തും ദുഖിതനാവുമ്പോഴാണ്‌
ഞാൻ ഫേസ്‌ ബുക്കിൽ കുറിക്കുന്നത് .
പരാതി പരിഭവം ആത്മരോഷം
പറഞ്ഞുതീർന്നാൽ സമാധാനത്തോടെ ഉറങ്ങാം.
ഇന്ന് ഉറക്കം കിട്ടാൻ ഒരു വിഷയം തെരഞ്ഞെടുക്കുന്നു
ദേശസ്നേഹവും പൗരബോധവും .
ഏതു സാമൂഹ്യ വിരുദ്ധനും
പൊതുജനത്തിനോട്
എപ്പോഴും പറയാറുള്ളതുപോലെ
ഞാനും മനസാക്ഷിക്കുത്തില്ലാതെ .
1.
ഭാരതം എന്റെ രാജ്യമാണ്
ഇവിടെ ഇപ്പോഴുള്ള സർവ്വരും
എന്റെ സഹോദരീ സഹോദരന്മാരാണ്
സത്യം മൂന്നാവർത്തി കുറിക്കുന്നു .
അപ്പോൾ ചോദിക്കാം ചില ചോദ്യങ്ങൾ .
എന്തിനാണ് അതിരു തർക്കത്തിൽ
സ്വന്തം അനുജനെത്തന്നെ കുത്തി മലർത്തി
കോടതിത്തിണ്ണ നിരങ്ങുന്നതെന്ന് .
ഏതു പെണ്ണിനെ നോക്കുമ്പോഴും കണ്ണിൽ
അശ്ലീലം തിളങ്ങുന്നതെന്ന്
2.
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്
അവകാശം കിട്ടുകയും ചെയ്തു .
എന്നിട്ടും അടിമനുകം പേറി തളരുന്നു .
നുകം അധികാരം മതം കമ്പോളം.
ചോദ്യങ്ങളെ ചവച്ചുവിഴുങ്ങി
കടുംകാഴ്ചകളെ മറവിയിൽ പൂഴ്ത്തി
കൊടുംക്രൂരതകളെ ഏറ്റുവാങ്ങി ഇങ്ങനെ
3.
ഇനിയും പറയും ഞാൻ
ഞാൻ ദേശസ്നേഹിയായ പൗരൻ .
നന്മകളെല്ലാം കടലെടുക്കുമ്പോൾ
നിസ്സംഗനാകാൻ കഴിയുന്നുണ്ടല്ലോ.
കാൽക്കീഴിൽ നിന്നും മണ്ണ് തുരന്നുമാറ്റുന്നവരെ
ആരാധനയോടെ ചുമ്മുന്നുണ്ടല്ലൊ
പെണ്ണിനെ കശക്കി ഞെരിക്കുന്നവരെ
തൊഴുകയ്യോടെ സ്വീകരിക്കുന്നുണ്ടല്ലോ
പച്ചയായതെല്ലാം വിറ്റു പോകുമ്പോൾ
നിർഗ്ഗുണ ബ്രഹ്മമായി നില്ക്കുന്നല്ലോ'

അതിനാൽ  ഉച്ചൈസ്തരം ഞാൻ പറയും
എല്ലാ ഭാരതീയരെപ്പോലെ ഞാനും ഭാരതീയൻ.
ഇന്നേയ്ക്ക് ഇതുമതി ഇനി ഉറങ്ങാം
ഉറക്കമിളയ്ക്കുന്നോർ ലൈക്കും  കമന്റുമിടട്ടെ .


വീണ്ടെടുപ്പ്
..
പണ്ടെപ്പോലല്ല ഇപ്പോൾ.
കിണറ്റു വെള്ളത്തിന് വല്ലാത്ത  രുചിമാറ്റം .
നിറവും മാറി .
ടി വി പരസ്യം നിരന്തരം കണ്ട്
വീട്ടുകാരി നിര്ബ്ബന്ധിക്കാനുംതുടങ്ങി
പെൻഷൻ കിട്ടുമ്പോൾ ഈ മാസമെങ്കിലും
ഒരു വാട്ടർ പ്യൂരിഫയർ വാങ്ങണം .
ഇങ്ങനെയാണ്ക ഴിഞ്ഞ മാസങ്ങളിലെല്ലാം
തീരുമാനിച്ചുറച്ചിട്ടുള്ളത്.
പലചരക്ക് പത്രം പാൽ  പലിശ
പാലുകാച്ച് കല്യാണം ആശുപത്രി .
അങ്ങനെയാണ് മുച്ചട്ടിയരിപ്പയിലെത്തിയത്
മുൻപ് കായൽവാരത്തെ വീടുകളിൽ
ഓരുവെള്ളം ശുദ്ധമാക്കിയത്‌മുച്ചട്ടിയരിപ്പയിൽ
കുത്തിനാട്ടിയ മൂന്നു മരക്കമ്പുകളിൽ
മൂന്നുമണ്‍ കലങ്ങൾ മീതേമീതേ.
അടിയിൽ ദ്വാരമുള്ള മേല്ക്കലങ്ങളിൽ
മണലും മരക്കരിയും .
അഴുക്കെല്ലാമഴിഞ്ഞ് താഴേക്കലത്തിൽ
നല്ല തെളിനീരെത്തും .
ഒന്നാം കലത്തിൽ നിറഞ്ഞ്
രണ്ടാം കലത്തിലഴിഞ്ഞു
മൂന്നാം കലത്തിലേക്ക് ഞാനുമെത്തുന്നു.
ഒരെയോരുതുള്ളിമാത്രം.
ത്രികാലങ്ങൾ ഒന്നിച്ചുരുവായത് .
സ്വസ്ഥത കെടുത്തുന്ന ഒന്നുമില്ലാത്തത്
നിലവിളിയും കണ്ണീരും പുരളാത്തത്
പ്രപഞ്ചത്തിന്റെ  ഈണവും താളവും
മിടിപ്പായുണ്ട് പച്ചപ്പിന്റെ കുളിരും.
മുച്ചട്ടിയരിപ്പയ്ക്ക് നന്ദി
എനിക്ക് എന്നെ തിരിച്ചു തന്നതിന്.