Wednesday 27 November 2013

ഉത്തമ പൗരൻ
**********
തീർത്തും ദുഖിതനാവുമ്പോഴാണ്‌
ഞാൻ ഫേസ്‌ ബുക്കിൽ കുറിക്കുന്നത് .
പരാതി പരിഭവം ആത്മരോഷം
പറഞ്ഞുതീർന്നാൽ സമാധാനത്തോടെ ഉറങ്ങാം.
ഇന്ന് ഉറക്കം കിട്ടാൻ ഒരു വിഷയം തെരഞ്ഞെടുക്കുന്നു
ദേശസ്നേഹവും പൗരബോധവും .
ഏതു സാമൂഹ്യ വിരുദ്ധനും
പൊതുജനത്തിനോട്
എപ്പോഴും പറയാറുള്ളതുപോലെ
ഞാനും മനസാക്ഷിക്കുത്തില്ലാതെ .
1.
ഭാരതം എന്റെ രാജ്യമാണ്
ഇവിടെ ഇപ്പോഴുള്ള സർവ്വരും
എന്റെ സഹോദരീ സഹോദരന്മാരാണ്
സത്യം മൂന്നാവർത്തി കുറിക്കുന്നു .
അപ്പോൾ ചോദിക്കാം ചില ചോദ്യങ്ങൾ .
എന്തിനാണ് അതിരു തർക്കത്തിൽ
സ്വന്തം അനുജനെത്തന്നെ കുത്തി മലർത്തി
കോടതിത്തിണ്ണ നിരങ്ങുന്നതെന്ന് .
ഏതു പെണ്ണിനെ നോക്കുമ്പോഴും കണ്ണിൽ
അശ്ലീലം തിളങ്ങുന്നതെന്ന്
2.
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്
അവകാശം കിട്ടുകയും ചെയ്തു .
എന്നിട്ടും അടിമനുകം പേറി തളരുന്നു .
നുകം അധികാരം മതം കമ്പോളം.
ചോദ്യങ്ങളെ ചവച്ചുവിഴുങ്ങി
കടുംകാഴ്ചകളെ മറവിയിൽ പൂഴ്ത്തി
കൊടുംക്രൂരതകളെ ഏറ്റുവാങ്ങി ഇങ്ങനെ
3.
ഇനിയും പറയും ഞാൻ
ഞാൻ ദേശസ്നേഹിയായ പൗരൻ .
നന്മകളെല്ലാം കടലെടുക്കുമ്പോൾ
നിസ്സംഗനാകാൻ കഴിയുന്നുണ്ടല്ലോ.
കാൽക്കീഴിൽ നിന്നും മണ്ണ് തുരന്നുമാറ്റുന്നവരെ
ആരാധനയോടെ ചുമ്മുന്നുണ്ടല്ലൊ
പെണ്ണിനെ കശക്കി ഞെരിക്കുന്നവരെ
തൊഴുകയ്യോടെ സ്വീകരിക്കുന്നുണ്ടല്ലോ
പച്ചയായതെല്ലാം വിറ്റു പോകുമ്പോൾ
നിർഗ്ഗുണ ബ്രഹ്മമായി നില്ക്കുന്നല്ലോ'

അതിനാൽ  ഉച്ചൈസ്തരം ഞാൻ പറയും
എല്ലാ ഭാരതീയരെപ്പോലെ ഞാനും ഭാരതീയൻ.
ഇന്നേയ്ക്ക് ഇതുമതി ഇനി ഉറങ്ങാം
ഉറക്കമിളയ്ക്കുന്നോർ ലൈക്കും  കമന്റുമിടട്ടെ .


No comments:

Post a Comment