Sunday 14 October 2012

മഴയുടെ ആത്മകഥ

മഴയുടെ ആത്മകഥ 
****
തീരെ അസ്വസ്ഥമാവുമ്പോള്‍ വായന.
ഈ അടുത്ത കാലത്തെ പുതിയ ശീലം.
മദ്യപാനം ആരോഗ്യത്തിനു ഹാനിയെന്ന് 
കുപ്പികളിലെല്ലാം വായിച്ചതാകാം കാരണം.
ഇന്ന് കയ്യില്‍ തടഞ്ഞത് പുതിയ പുസ്തകം .
മഴ സ്വന്തം കൈപ്പടയില്‍ എഴുതിയ ആത്മകഥ.
വല്ലാത്ത വായനാസുഖം.
നോവുകളുടെ പടം പൊഴിയുന്നു .
ഒന്നാം അദ്ധ്യായം പിറവി രഹസ്യം.
പാരമ്പര്യ വിശ്വാസം കടപുഴകുന്നു.
സൂര്യന്‍ ചൂടുചൊരിഞ്ഞ്‌
വെള്ളം തിളപ്പിച്ച്‌ ആവിയാക്കിയെന്ന് ,
പറന്നുപൊങ്ങി കരിമെഘമായെന്ന് ,
കാറ്റ് തലോടിയപ്പോള്‍ പെറ്റുവീണെന്നും.
മഴ പറയുന്നു എല്ലാം ഭാവന.
ഹൃദയം കുളിര്ന്നുലഞ്ഞപ്പോള്‍
ആദ്യ കവിയുടെ ഹൃദയത്തില്‍ നിന്നും
കിനിഞ്ഞിറങ്ങിയ സ്നേഹമാണത്രേ
താനായി പിറന്നതെന്ന് മഴമൊഴി.
നൊന്തു നീറുന്ന എല്ലാ ഹൃദയങ്ങളെയും
തഴുകി തണുപ്പിക്കുക ജന്മ നിയോഗം..
നേര്‍ത്ത നാരുകളായ് പെയ്ത കുളിര്
ജീവജാലങ്ങള്‍ക്കെല്ലാം ആശ്വാസം.
ശുഭ സൂചക മഴവില്ലുകള്‍
നിരന്തരം വര്‍ണ്ണക്കാഴ്ച്ചകളായി.
ദുഖവും വിരസതയും മ്ലാനതയും
അഴിച്ചു മാറ്റുന്ന മാന്ത്രികത.
പോകപ്പോകെ മഴയുടെയും ഭാവം മാറിയത്രെ
നിഷ്കളങ്ക ജന്മങ്ങളെ തിരുത്തുന്ന കാലം
മഴയ്ക്ക്‌ നല്കിയതും അതേ വിധി.
ഇപ്പോള്‍ പ്രളയമായാണ് പെയ്തിറങ്ങുന്നത്.
അനുഭവങ്ങളും കാഴ്ച്ചകളുമാണ്
കരളലിവില്ലായ്മയ്ക്ക് കാരണം .
ജീവിതങ്ങളെ ശ്വാസം മുട്ടിക്കുകയും
ഇരുളിലേക്ക് ചവിട്ടിതാഴ്തുകയുമാണ്.
ഇപ്പോള്‍ നിരന്തരം ചെയ്യുന്നതെന്ന് മഴ .
എന്നിട്ടും ഒരുപിന്‍ നടത്തം ആഗ്രഹമെന്നും
അവസാന പേജിലൊരു കുറിപ്പുണ്ട്.
പുസ്തകം വായിച്ചു മടക്കുമ്പോള്‍
പുറത്തു തുള്ളിക്കൊരുകുടം പ്രളയമഴ..

2 comments:

  1. മഴയുടെ നൊമ്പരം ഒടുവിലെ പ്രളയമായ കഥ
    ബാലേട്ടന്റെ തൂലികയില്‍ പിറന്ന മറ്റൊരു നല്ല കവിത കൂടി വായിക്കാന്‍ സാധിച്ചതില്‍ സന്തോഷം....

    ReplyDelete
  2. ഹൃദയം കുളിര്ന്നുലഞ്ഞപ്പോള്‍
    ആദ്യ കവിയുടെ ഹൃദയത്തില്‍ നിന്നും
    കിനിഞ്ഞിറങ്ങിയ സ്നേഹമാണത്രേ
    താനായി പിറന്നതെന്ന് മഴമൊഴി.
    ഒരു പിന്‍ നടത്തം അനിവ്വാര്യമാണ് മനുഷ്യനും പ്രകൃതിക്കും...ഇഷ്ടായി ബാലേട്ടാ...

    ReplyDelete